സൗരോർജ തൂക്കുവേലി നിർമാണം പൂർത്തിയായി
1598102
Thursday, October 9, 2025 12:57 AM IST
നെന്മാറ: നെന്മാറ മലയോരമേഖലയിൽ കാട്ടാന പ്രതിരോധത്തിനായി സൗരോർജ തൂക്കുവേലി നിർമാണം പൂർത്തിയായി. നെന്മാറ വനംഡിവിഷനിൽ ആലത്തൂർ, നെല്ലിയാമ്പതി വനം റേഞ്ചുകളിൽപെട്ട മലയോരമേഖലകളിലാണ് സൗരോർജ തൂക്കുവേലി നിർമാണം പൂർത്തിയായത്.
രാഷ്ട്രീയ കിസാൻ വികാസ് യോജന പദ്ധതി പ്രകാരം 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന സർക്കാരും വിഹിതമെടുത്താണ് പദ്ധതി നടപ്പിലാക്കിയത്.
രണ്ടുകോടി 20 ലക്ഷം രൂപ ചെലവിൽ 27.5 കിലോമീറ്റർ ദൂരത്താണ് സൗരോർജ തൂക്കുവേലി സ്ഥാപിച്ചത്.
ഇതുകൂടാതെ വനം വകുപ്പിന്റെ ഫണ്ടുപയോഗിച്ച് ഒന്പതു കിലോമീറ്ററോളം ദൂരം വിവിധ മേഖലകളിലായി നിർമിച്ചിട്ടുണ്ട്. വന്യമൃഗങ്ങൾ ജനവാസമേഖലയിൽ ഇറങ്ങി ജീവന് ഭീഷണി ഉയർത്തുകയും രൂക്ഷമായ കൃഷിനാശം വരുത്തിയതിനെതുടർന്നുള്ള പരാതികളെ തുടർന്നാണ് തൂക്കുവേലി നിർമാണം നടത്തിയത്.
നെന്മാറ വനംഡിവിഷനു കീഴിൽ നെല്ലിയാമ്പതി, ആലത്തൂർ റേഞ്ചുകളിലാണ് സൗരോർജ തൂക്കുവേലി നിർമിച്ചത്. അയിലൂർ, വണ്ടാഴി, നെന്മാറ പഞ്ചായത്തുകളിലെ വനാതിർത്തികളിൽ പത്തുമീറ്റർ വീതിയിൽ അടിക്കാടുകൾ വെട്ടിമാറ്റിയായിരുന്നു നിർമാണം.
പണി പൂർത്തിയാക്കിയ തൂക്കുവേലിക്ക് പരിപാലനത്തിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. താത്കാലികമായി വനം വാച്ചർമാർ തന്നെയാണ് അടിക്കാടുകളും മറ്റും വെട്ടിനീക്കി പരിപാലിക്കുന്നത്.
തൂക്കുവേലി നിർമാണം പൂർത്തിയായെങ്കിലും നിലവിലെ അഞ്ചടി പൊക്കമുള്ള സൗരോർജവേലി ബാറ്ററിയും യന്ത്രസാമഗ്രികളും കേടായതിനെ തുടർന്ന് പരിപാലനമില്ലാതെ പാഴ്ച്ചെടികളും വള്ളികളും കയറിത്തുടങ്ങിയെന്ന് പ്രദേശവാസികൾ പറഞ്ഞു.