കണ്ണിയമ്പുറം ബധിര- മൂക സ്കൂളിലെ വിദ്യാർഥികൾക്കു സർക്കാർ ഗ്രാന്റ് ലഭിച്ചില്ല
1598104
Thursday, October 9, 2025 12:57 AM IST
ഒറ്റപ്പാലം: കണ്ണിയമ്പുറം ബധിര- മൂക വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികൾക്ക് സർക്കാർ ഗ്രാന്റ് ലഭിച്ചില്ലെന്നു പരാതി. രണ്ടുവർഷത്തെ ബോർഡിംഗ് ഗ്രാന്റാണ് ലഭിക്കാനുള്ളത്.
മാസത്തിൽ 900 രൂപയാണ് ഒരു കുട്ടിക്ക് ബോർഡിംഗ് ഗ്രാന്റ് അനുവദിക്കുക. ഇതിനൊപ്പം ഒരു വർഷത്തെ മെസ് ഫീസും ഇപ്പോഴും ലഭിച്ചിട്ടില്ല. മെസ് ഫീയായി 150 രൂപയാണ് അനുവദിക്കുന്നത്.
തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പൽമാർ അപേക്ഷകൾ നൽകിയിട്ടുണ്ട്. എന്നാൽ, ഭരണാനുമതി ഇനിയുമായിട്ടില്ല. ഒറ്റപ്പാലം, തിരുവനന്തപുരം ജഗതി, തൃശൂർ, കുന്നംകുളം എന്നിവിടങ്ങളിലാണ് ഗവ. ബധിര വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളുള്ളത്. ഒരു വർഷത്തെ ഫണ്ടിന് നേരത്തെ ഭരണാനുമതി ലഭിച്ചിരുന്നു. ബാക്കിയുള്ള ഒരു വർഷത്തെ തുകയ്ക്ക് ഭരണാനുമതി നൽകി.
രണ്ടുവർഷത്തെ തുക ഒരുമിച്ച് നൽകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്.
ഇനിയും വൈകിയാൽ മെസ് പ്രവർത്തനം പ്രതിസന്ധിയിലാകുമോയെന്ന ആശങ്കയും പ്രിൻസിപ്പൽമാർക്കുണ്ട്.