ജില്ലാ ക്ഷീരകർഷക സംഗമം ഇന്നും നാളെയും
1598110
Thursday, October 9, 2025 12:57 AM IST
പാലക്കാട്: ജില്ലാ ക്ഷീരകർഷക സംഗമം ഇന്നും നാളെയുമായി നടക്കും. തേങ്കുറിശി കെഎംആർ ഓഡിറ്റോറിയം, പെരുവെന്പ് പഞ്ചായത്ത് ഗ്രൗണ്ട് എന്നിവിടങ്ങളിലായി തയ്യാറാക്കിയ നാല് വേദികളിലായാണ് സംഗമം നടക്കുക. ക്ഷീരവികസന വകുപ്പിന്റെ വിജ്ഞാനവ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ക്ഷീരസംഘങ്ങളുടെയും വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പെരുവെന്പ് ക്ഷീരവ്യവസായ സഹകരണ സംഘമാണ് സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത്.
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് സംഗമം നടക്കുന്നത്. കന്നുകാലി പ്രദർശനം, ഡയറി എക്സ്പോ, ക്ഷീര കർഷക സെമിനാർ, ക്ഷീരസംഘം ജീവനക്കാരുടെ ശില്പശാല, ഡയറി പ്രശ്നോത്തരി, കലാസന്ധ്യ, സാംസ്കാരിക ഘോഷയാത്ര, പൊതു സമ്മേളനം തുടങ്ങിയവ സംഗമത്തിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിലായി നടക്കും.
ഇന്ന് രാവിലെ 7.30 ന് പെരുവെന്പ് ക്ഷീരസംഘം പരിസരത്ത് നടക്കുന്ന പരിപാടിയിൽ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ചിന്നക്കുട്ടൻ പതാക ഉയർത്തുന്നതോടെ സംഗമത്തിന് തുടക്കമാവും. മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെയ്ക്ക് അധ്യക്ഷത വഹിക്കും.
പെരുവെന്പ് പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കുന്ന കന്നുകാലി പ്രദർശനം രാവിലെ എട്ടു മണിക്ക് പെരുവെന്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹംസത്ത് ഉദ്ഘാടനം ചെയ്യും.
തേങ്കുറിശി കെഎംആർ ഓഡിറ്റോറിയത്തിന് മുൻവശത്തായി നടക്കുന്ന ഡയറി എക്സ്പോയുടെ ഉദ്ഘാടനം രാവിലെ ഒന്പതു മണിക്ക് കൊടുവായൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രേമ സുകുമാരൻ ഉദ്ഘാടനം ചെയ്യും. ‘കറവപശു പരിപാലനം മാറുന്ന കാലഘട്ടത്തിൽ’ എന്ന വിഷയത്തിൽ രാവിലെ ഒന്പതു മണിക്ക് കെഎംആർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്ഷീര കർഷക സെമിനാർ കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യും.
ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷത വഹിക്കും. സെമിനാറിൽ മണ്ണുത്തി വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാല അസോ. പ്രഫസർ ഡോ. ജസ്റ്റിൻ ഡേവിഡ് വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് രണ്ടു മണിക്ക് കെഎംആർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്ഷീരസംഘം ജീവനക്കാരുടെ ശില്പശാല കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സത്യപാൽ ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ ഒന്പതിന് പനയത്താണി ജംഗ്ഷനിൽനിന്നും കെഎംആർ ഓഡിറ്റോറിയം വരെ സാംസ്കാരികഘോഷയാത്ര നടക്കും. കെ. ബാബു എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 10.30 ന് കെഎംആർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
കെ.ഡി. പ്രസേനൻ എംഎൽഎ. അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എം.ബി. രാജേഷ് എന്നിവർ മുഖ്യാതിഥികളാവും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ തുടങ്ങിയവർ പങ്കെടുക്കും.