വ്യവസായ സ്മാർട്സിറ്റി: അടിസ്ഥാനസൗകര്യ വികസനം ഒറ്റഘട്ടമായി പൂർത്തിയാക്കും
1598547
Friday, October 10, 2025 6:48 AM IST
പാലക്കാട്: കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് സ്മാർട്സിറ്റി പദ്ധതിയുടെ അടിസ്ഥാന സൗകര്യവികസനം ഒറ്റഘട്ടമായി നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ കേരള ഇൻഡസ്ട്രിയൽ കോറിഡോർ വികസന കോർപറേഷൻ (കെഐസിഡിസി) ആരംഭിച്ചു.
കരാർ നേടിയ ദിലീപ് ബിൽഡ്കോണ് പിഎസ്പി സംയുക്ത സംരംഭത്തിന്റെയും കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റിന്റെയും പ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള ആദ്യ യോഗം അടുത്തയാഴ്ച നടക്കും.
ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ സ്മാർട്സിറ്റിയുടെ വികസനപ്രവർത്തനങ്ങൾ ആരംഭിക്കും വിധത്തിൽ ദ്രുതഗതിയിലാണ് നടപടികൾ പുരോഗമിക്കുന്നതെന്ന് വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.
പദ്ധതിക്ക് ഘട്ടംഘട്ടമായാണ് കേന്ദ്രസർക്കാരിൽ നിന്ന് തുക അനുവദിക്കുക. കേന്ദ്രവിഹിതം കോർപറേഷന് കൈമാറാനുള്ള താത്പര്യം അറിയിക്കുന്ന മുറയ്ക്ക് സംസ്ഥാന സർക്കാരിനു വേണ്ടി കിൻഫ്ര ഏറ്റെടുത്ത ഭൂമിയുടെ നിശ്ചിത ശതമാനം കെഐസിഡിസിക്ക് കൈമാറുകയാണ് ചെയ്യുക. രണ്ടു ഗഡുക്കളായി കേന്ദ്രം 313.5 കോടി രൂപയും സംസ്ഥാനം 330 ഏക്കർ ഭൂമിയും ഇത്തരത്തിൽ കൈമാറിക്കഴിഞ്ഞു.
മൂന്നാംഗഡു തുക വൈകാതെതന്നെ കേന്ദ്രം കൈമാറുമെന്നാണ് കരുതുന്നതെന്ന് കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് പറഞ്ഞു. രാജ്യത്ത് നടപ്പാക്കുന്ന 12 വ്യവസായ സ്മാർട് സിറ്റികളിൽ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കേരളം നടപടിക്രമങ്ങളിൽ ഏറെ മുന്നിലെത്തിക്കഴിഞ്ഞു.
42 മാസംകൊണ്ട് അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാക്കി കന്പനികൾക്ക് ഭൂമി അനുവദിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാനാണ് കെഐസിഡിസി ലക്ഷ്യമിടുന്നത്. കേന്ദ്രവിഹിതം ലഭ്യമാകുന്നതിനനുസരിച്ച് മാത്രമേ കേരളം ഭൂമി കൈമാറുകയുള്ളുവെങ്കിലും നിലവിൽ ഏറ്റെടുത്ത ഭൂമിയിൽ ഒറ്റ ഘട്ടമായിത്തന്നെ അടിസ്ഥാന സൗകര്യവികസനം നടപ്പാക്കാൻ ടെൻഡർ നൽകിയത് ഈ ഉദ്ദേശത്തിലാണ്. 1,450 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനായി രണ്ടുവർഷം മുന്പുതന്നെ കിഫ്ബി വഴി സംസ്ഥാന സർക്കാർ 1,489 കോടി രൂപ ചെലവിട്ടിരുന്നു. അതുകൊണ്ടുതന്നെ പല ഗഡുക്കളായാണെങ്കിലും കേന്ദ്രവിഹിതം പെട്ടെന്ന് പൂർണമായും അനുവദിക്കുമെന്നാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്.
അതോടെ സംസ്ഥാനം ഏറ്റെടുത്ത ഭൂമിയും കോർപറേഷന് പൂർണമായും കൈമാറും. വ്യാവസായിക ഇടനാഴിയുമായി ബന്ധപ്പെട്ട് സംസ്ഥാനം കൈക്കൊണ്ട കാര്യങ്ങൾ 2024 ജൂണിൽ വ്യവസായ മന്ത്രി പി. രാജീവ് കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനെ ബോധ്യപ്പെടുത്തിയതിനെതുടർന്നാണ് കേന്ദ്രസർക്കാർ നടപടികൾ വേഗത്തിലാക്കിയത്.
ചെന്നൈ-ബാംഗ്ലൂർ വ്യാവസായിക ഇടനാഴി കൊച്ചിയിലേക്ക് നീട്ടി കൊച്ചി -ബംഗളൂരു വ്യാവസായിക ഇടനാഴി നിർമിക്കാൻ 2019 ആഗസ്റ്റിലാണ് തീരുമാനിച്ചത്. സംസ്ഥാന സർക്കാരിനും കേന്ദ്രസർക്കാരിനും തുല്യപങ്കാളിത്തമുള്ള പദ്ധതി പ്രാവർത്തികമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ കേരളം 2020 സെപ്റ്റംബറിൽതന്നെ ആരംഭിച്ചിരുന്നു. കേരള സർക്കാരിനു കീഴിലുള്ള കിൻഫ്രയും കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (എൻഐസിഡിഐടി) ചേർന്ന് തുല്യ ഓഹരി പങ്കാളിത്തത്തോടെ രൂപംകൊടുത്ത പ്രത്യേകോദ്ദേശ് സ്ഥാപനമാണ് പാലക്കാട് സ്മാർട് സിറ്റിയുടെ വികസനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്.
സ്മാർട് സിറ്റിയുടെ രൂപകൽപന മുതൽ നിർമാണവും മെയിന്റനൻസും ഉൾപ്പെടെയുള്ള സമഗ്ര വികസനമാണ് ഇപിസി (എൻജിനീയറിംഗ്, പ്രൊക്യുർമെന്റ് ആൻഡ് കണ്സ്ട്രക്ഷൻ) കരാർ നേടിയ കന്പനിയുടെ ചുമതലയിലുള്ളത്. പദ്ധതി പ്രദേശത്ത് ആവശ്യമായ റോഡുകൾ, ഡ്രെയ്നേജുകൾ, പാലങ്ങൾ, ജലവിതരണ ശൃംഖല, അഗ്നിശമന മാർഗങ്ങൾ, ജലപുനരുപയോഗ സംവിധാനങ്ങൾ, സീവറേജ് ലൈനുകൾ, ഉൗർജവിതരണ സംവിധാനങ്ങൾ, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, വ്യാവസായിക മലിനജല ശേഖരണ സംവിധാനങ്ങൾ, മലിനജല സംസ്കരണ പ്ലാന്റ് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും.