ഡയബറ്റിക് റൈസ് എന്ന തെലങ്കാന സോന നെല്ലിനം നെന്മാറയിലും വൻവിജയം
1598118
Thursday, October 9, 2025 12:57 AM IST
നെന്മാറ: പ്രമേഹരോഗികൾക്ക് അനുയോജ്യമായതും കുറഞ്ഞ ഗ്ലൈസെമിക് ഇൻഡെക്സുമുള്ളതുമായ തെലങ്കാന സോന എന്ന ആർഎൻആർ -15048 എന്ന നെല്ലിനം വിജയകരമായി നെന്മാറ കൃഷിഭവൻ പരിധിയിലും വിളയിച്ചു. ജീരകശാല തുടങ്ങിയ നെല്ലിനങ്ങളെപോലെ സുഗന്ധമുള്ള നെല്ലിനമാണിത്. വെളുത്തനിറത്തിലുള്ള അരിയാണ്. നെന്മാറ കണ്ണോട് പാടശേഖരത്തിലെ കെ. ഭാസ്കരൻ പരീക്ഷണാടിസ്ഥാനത്തിൽ ഒന്നാം വിളയായി 50 സെന്റ് സ്ഥലത്താണ് കൃഷിയിറക്കിയത്.
ഒരേക്കറിന് 15 കിലോ നെൽവിത്ത് മതിയെന്നാണ് വിത്തു വാങ്ങിയ കൃഷി വിജ്ഞാൻകേന്ദ്ര ബാംഗ്ലൂർ അധികൃതർ പറഞ്ഞതെന്ന് ഭാസ്കരൻ പറഞ്ഞു. തെലുങ്കാന ജയശങ്കർ സർവകലാശാല വികസിപ്പിച്ചെടുത്ത നെല്ലിനമാണ് തെലങ്കാന സോന. ഡയബെറ്റിക് റൈസ് എന്നറിയപ്പെടുന്ന ഈ ഇനം നെല്ല് ആന്ധ്രാപ്രദേശ്, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കൃഷിചെയ്യുന്ന ഇനമാണ് നമ്മുടെ കാലാവസ്ഥയിലും വിളയുമെന്ന് തെളിയിച്ചത്.
ഡയബറ്റിക് ഇൻഡക്സ് കുറവായതിനാൽ പ്രമേഹരോഗികൾക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പറ്റിയ ഇനമായതിനാൽ അരിക്ക് ആവശ്യക്കാരും ഏറെയാണ്. മറ്റ് ഇനം നെൽകൃഷിയോടൊപ്പം പ്രത്യേകമായി തയ്യാറാക്കി പറിച്ചു നട്ടു മറ്റു വിളകൾക്ക് നൽകുന്നതിനേക്കാൾ കുറവ് വളം മാത്രമാണ് നൽകിയത്.
വിളവെടുക്കാൻ ആവശ്യമായ 130 ദിവസങ്ങൾക്കു മുൻപേ കൊയ്ത്തിനു പാകമായിരിക്കുകയാണ്. സമീപത്തെ നെൽപ്പാടങ്ങളിൽ മറ്റു നെല്ലിനങ്ങൾക്ക് ഓലകരിച്ചിൽ, മുഞ്ഞ, എന്നിവ ബാധിച്ചപ്പോൾ പ്രതികൂല കാലാവസ്ഥയിലും രോഗ കീട ബാധയൊന്നുമില്ലാതെ നല്ല കതിർ കാണപ്പെട്ടു. ഉമി കനം കുറഞ്ഞ വെളുത്ത നിറത്തിലുള്ള അരി ആയതിനാൽ സപ്ലൈകോ മുഖേന കേരളത്തിലെ മില്ലുകാർ ഈ ഇനം സംഭരിക്കാൻ വിമുഖത കാണിക്കുന്നുണ്ട്.
മികച്ച വിളവും ഉയർന്ന വിപണിമൂല്യവുമുള്ള ഈ നെല്ല് വിളവെടുപ്പിനുശേഷം പ്രോസസ് ചെയ്ത് ആവശ്യക്കാർക്ക് അരിയാക്കി നൽകുമെന്ന് കർഷകനായ കെ. ഭാസ്കരൻ പറഞ്ഞു. നെന്മാറ കൃഷി ഓഫീസർ വി. അരുണിമ, അസിസ്റ്റന്റ് കൃഷി ഓഫീസർ സി. സന്തോഷ്, ഫീൽഡ് അസിസ്റ്റന്റ് ജെ. അജ്മൽ, പാടശേഖര സെക്രട്ടറിമാരായ കെ.എൻ. പൊന്നു, എൻ.ജി. ഭൂപതി എന്നിവരും കൃഷിഭവൻ അധികൃതർക്കൊപ്പം ഭാസ്കരന്റെ കൃഷിയിടം സന്ദർശിച്ച് ഉത്പാദനക്ഷമത വിലയിരുത്തി.