സംസ്ഥാനപാതയിൽ അപകടഭീഷണിയായി ഉണങ്ങിനിന്നിരുന്ന പൂളമരം മുറിച്ചുനീക്കി
1598116
Thursday, October 9, 2025 12:57 AM IST
വടക്കഞ്ചേരി: മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാതയിൽ വള്ളിയോട് തേവർകാട് കൺവൻഷൻ സെന്ററിനടുത്ത് ഉണങ്ങി ദ്രവിച്ച് നിന്നിരുന്ന വലിയ പൂളമരം ഇന്നലെ മുറിച്ചുനീക്കി.
വലിയ ക്രെയിനിന്റെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട പ്രവൃത്തികൾക്കു ശേഷമാണ് 200 ഇഞ്ച് വണ്ണമുള്ള മരം മുറിച്ച് മാറ്റാനായത്. കഴിഞ്ഞ ദിവസവും ഈ മരത്തിന്റെ കൊമ്പ് പൊട്ടിവീണ് കാറിന്റെ ചില്ലുകൾ തകർന്ന സംഭവമുണ്ടായിരുന്നു. ഭാഗ്യംകൊണ്ടാണ് യാത്രക്കാർ രക്ഷപ്പെട്ടത്.
കുടുംബസമേതം യാത്രചെയ്തിരുന്ന സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. കൊമ്പുകൾ പൊട്ടിവീണുള്ള അപകടങ്ങൾ ഇടക്കിടെ ആവർത്തിച്ചത് സമീപത്തെ വ്യാപാരികളിലും യാത്രക്കാരിലും വലിയ ഭയാശങ്കയുണ്ടാക്കി. മരത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച് ദീപിക ഉൾപ്പെടെയുള്ള പത്രങ്ങളിലും പലതവണ വാർത്തകളും വന്നു.
കോൺഗ്രസ്, ബിജെപി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും മരം മുറിച്ചു നീക്കണമെന്നാവശ്യപ്പെട്ട് സമരവുമായി രംഗത്തുവരികയുണ്ടായി. ഒടുവിലാണ് പൊതുമരാമത്ത് വകുപ്പ് കണ്ണുതുറന്നത്. വലിയ ദുരന്തം സംഭവിക്കും മുമ്പേ മരം മുറിച്ചുനീക്കിയ ആശ്വാസത്തിലാണ് എല്ലാവരും.