കാട്ടാനയാക്രമണത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം: താവളത്ത് റോഡ് ഉപരോധിച്ച് നാട്ടുകാർ
1597886
Wednesday, October 8, 2025 1:45 AM IST
അഗളി: ഇന്നലെ കാട്ടാന ആക്രമണത്തിൽ മഞ്ചിക്കണ്ടിയിൽ ശാന്തകുമാർ കൊല്ലപ്പെട്ടതിനെ തുടർന്ന് സർവകക്ഷി നേതൃത്വത്തിൽ താവളത്ത് നടന്ന സമരത്തിൽ വനംവകുപ്പിനെതിരെ അതിശക്ത പ്രതിഷേധമുയർന്നു.
രണ്ടുദിവസം മുന്പ് മാൻ വാഹനത്തിന്റെ കുറുകെ ചാടി കൊല്ലപ്പെട്ട സുബ്രഹ്മണ്യന്റെ ഭാര്യ അടക്കമുള്ളവർ കട്ടിലുമായി സമരത്തിന് എത്തി. അഞ്ചുവർഷത്തിനിടയിൽ ഏതാണ്ട് മുപ്പതോളം ആളുകളാണ് അട്ടപ്പാടിയിൽ കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി.
ഡിഎഫ്ഒ, ഭൂരേഖ തഹസിൽദാർ അട്ടപ്പാടി, അഗളി ഡിവൈഎസ്പി തുടങ്ങിയവർ സമരക്കാരുമായി ചർച്ചയ്ക്ക് എത്തി. വിവിധ കക്ഷിനേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്ന് പാലൂർ, തേക്ക് വട്ട ഭാഗങ്ങളിൽ കാട്ടാന ആക്രമണത്തിൽ ആളുകൾ നിരന്തരമായി കൊല്ലപ്പെടുന്ന സാഹചര്യത്തിൽ ആക്രമണകാരിയായ ആനയെ തിരിച്ചറിയുന്നതിന് നടപടി സ്വീകരിക്കുമെന്നും അതിനെ പിടിച്ചുകൊണ്ടു പോകുമെന്നും അധികൃതർ ഉറപ്പ് നൽകി.
അട്ടപ്പാടിയുടെ വിവിധ മേഖലകളിൽ ജനവാസകേന്ദ്രങ്ങൾക്കിടയിൽ തുരുത്തുകളായി നിൽക്കുന്ന വനഭൂമിയിൽ നിലയുറപ്പിച്ചിട്ടുള്ള ആനകളെ അവിടെനിന്ന് നീക്കുന്നതിന് നടപടി സ്വീകരിക്കും.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി കൊല്ലപ്പെട്ട കുടുംബങ്ങളിലെ ഒരു അംഗത്തിന് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നൽകും.
കാട്ടുമൃഗ അക്രമങ്ങൾ രൂക്ഷമായ പ്രദേശത്ത് ഇലക്ട്രിക് സോളാർ ഫെൻസിംഗ്, ട്രഞ്ച് എന്നിവ നിർമിച്ച് കാട്ടുമൃഗ ആക്രമങ്ങൾ തടയുന്നതിന് ശ്രമിക്കും. കഴിഞ്ഞ അഞ്ചുവർഷങ്ങളിലായി കാട്ടുമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബങ്ങൾക്ക് ബാക്കി നൽകുവാനുള്ള തുക നൽകും.
അവകാശ സർട്ടിഫിക്കറ്റ് കിട്ടാത്തവർക്ക് അതിനുള്ള സൗകര്യം തഹസിൽദാർ ഒരുക്കും. വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തവർക്ക് ലഭിക്കുവാനുള്ള നഷ്ടപരിഹാരം എത്രയും പെട്ടെന്ന് നൽകും. ആനയ്ക്ക് വനഭൂമിയിൽ തന്നെ കുടിവെള്ള സൗകര്യം ഒരുക്കും. സ്പെഷൽ ആർആർടി ടീമിന് സുസജ്ജമായ വാഹനവും യന്ത്രസൗകര്യങ്ങളും ഒരുക്കിക്കൊടുക്കും.
ആർആർടി ടീമിന്റെ പട്രോളിംഗ് ശക്തിപ്പെടുത്തും തുടങ്ങിയ ഉറപ്പുകളാണ് അധികൃതർ നൽകിയത്.
കൂടാതെ കാട്ടുമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ നഷ്ടപരിഹാരത്തുക ഉയർത്തണമെന്നുള്ള ജനങ്ങളുടെ ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും. കൃഷിനാശത്തിന്റെയും പരിധി ഉയർത്തുന്നതിനും സർക്കാരിന്റെ ശ്രദ്ധ കൊണ്ടുവരും.
രാവിലെ ഒന്പതരയ്ക്ക് ആരംഭിച്ച സമരം ഉച്ചയ്ക്ക് ഒന്നരക്കാണ് അവസാനിപ്പിച്ചത്. ഷിബു സിറിയക്, പി.എം. ഹനീഫ, ധർമരാജ് താവളം, എം.ആർ. സത്യൻ, സെന്തിൽ കുമാർ. എ, ജോസ് പനക്കാമറ്റം, മണി കാവുണ്ടിക്കല്ല്, ബാബു ആനക്കല്ല്, സതീഷ് കുമാർ പാടവയൽ, മനോജ് ഭാസ്കരൻ തുടങ്ങിയവർ നേതൃത്വം നൽകി.