വാർഡ് സംവരണം: നറുക്കെടുപ്പ് തിയതി വിജ്ഞാപനമായി
1597883
Wednesday, October 8, 2025 1:45 AM IST
പാലക്കാട്: പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാർഡുകളുടെയും സംവരണക്രമം നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിന് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിയും തിയതിയും സമയവും സ്ഥലവും നിശ്ചയിച്ചും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.
941 ഗ്രാമപഞ്ചായത്തുകളിലേയ്ക്ക് 13 മുതൽ 16 വരെയാണ് നറുക്കെടുപ്പ് തീയതി നിശ്ചയിച്ചിട്ടുള്ളത്. 14 ജില്ലാപഞ്ചായത്തുകളിലേയ്ക്കുള്ള നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് 21 ന് രാവിലെ 10 ന് അതാത് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
പാലക്കാട് ജില്ലയിലെ തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം ബ്ലോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ സംവരണ മണ്ഡലങ്ങള്‍ നിശ്ചയിക്കുന്ന നറുക്കെടുപ്പ് 13 രാവിലെ 10 മണിക്കും മണ്ണാർക്കാട്, പാലക്കാട്, ശ്രീകൃഷ്ണപുരം ബ്ലോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് 14 രാവിലെ 10 മണിക്കും കുഴൽമന്ദം, ചിറ്റൂർ, അട്ടപ്പാടി ബ്ലോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് 15 രാവിലെ 10 മണിക്കും കൊല്ലങ്കോട്, ആലത്തൂർ, നെന്മാറ, മലമ്പുഴ ബ്ലോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് 16 രാവിലെ 10 മണിക്കും കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും.
ജില്ലയിലെ നഗരസഭകളുടെ സംവരണ മണ്ഡലങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പും 16 രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. ജില്ലയിലെ ബ്ളോക്ക് പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചിയിക്കുന്നതിനുള്ള നറുക്കെടുപ്പ് 18 ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും.