ക്ഷീരകർഷകരെ സഹായിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി ജെ. ചിഞ്ചുറാണി
1598702
Saturday, October 11, 2025 12:49 AM IST
പാലക്കാട്: ക്ഷീരകർഷകരുടെ ഉന്നമനത്തിനായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇതിന്റെ ഭാഗമായി നൂതനമായ നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കിവരുന്നുണ്ടെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ജില്ലാ ക്ഷീര കർഷകസംഗമത്തിന്റെ ഭാഗമായി തേങ്കുറുശി കെഎംആർ ഓഡിറ്റോറിയത്തിൽ നടന്ന സമാപന പൊതുസമ്മേളനം ഓണ്ലൈനായി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന ജില്ലയായ പാലക്കാട് ക്ഷീരമേഖലയിൽ വിപ്ലവകരമായ മുന്നേറ്റമാണ് നടത്തുന്നത്. നിലവിൽ ജില്ലയിലെ 332 ക്ഷീരസംഘങ്ങൾ വഴി പ്രതിദിനം ഏകദേശം 3.3 ലക്ഷം ലിറ്റർ പാൽ സംഭരിക്കുന്നു എന്നത് കർഷകർക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. ക്ഷീരകർഷകരെ സഹായിക്കാനായി എംഎസ്ഇപി പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട്, അഞ്ച്, പത്ത് എന്നിങ്ങനെ ഡയറി യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും കറവകേന്ദ്രം വാങ്ങുന്നതിനും സബ്സിഡികളും പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. തീറ്റച്ചെലവ് കുറയ്ക്കുന്നതിന് ലക്ഷ്യമിട്ട് തീറ്റപ്പുൽകൃഷി വ്യാപനവും കാലിത്തീറ്റ സബ്സിഡിയും സർക്കാർ നൽകുന്നുണ്ട്. തീറ്റച്ചെലവ് അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ കർഷകർക്ക് ആശ്വാസമേകാനായി മിൽമയും പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സും കാലിത്തീറ്റയിൽ സബ്സിഡികളും ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷീര കർഷകരുടെ ആശ്രിതർക്ക് മിൽമയുടെ നിയമനത്തിൽ സംവരണം ഏർപ്പെടുത്തുന്നതിനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
പരിപാടിയിൽ കെ.ഡി. പ്രസേനൻ എംഎൽഎ അധ്യക്ഷനായി. മികച്ച ക്ഷീര കർഷകൻ, കർഷക, എസ്സി, എസ്ടി കർഷകൻ എന്നിവർക്കുള്ള പുരസ്കാരം കെ. രാധാകൃഷ്ണൻ എംപി സമ്മാനിച്ചു.
കൂടുതൽ പാൽ അളന്ന ആപ്കോസ്, പരന്പരാഗത സംഘത്തിന് കെ. ബാബു എംഎൽഎ പുരസ്കാരം നൽകി. വിവിധ മേഖലകളിൽ മികവ് പുലർത്തിയ ക്ഷീര സംഘങ്ങൾക്കുള്ള സമ്മാനദാനം അഡ്വ.കെ. ശാന്തകുമാരി എംഎൽഎയും നിർവഹിച്ചു. ബ്ലോക്ക് തലത്തിലെ മികച്ച ക്ഷീരകർഷകരെ കെ.ഡി. പ്രസേനൻ എംഎൽഎ ആദരിച്ചു.
കന്നുകാലിപ്രദർശന മത്സര വിജയികൾക്കുള്ള സമ്മാനദാനം അഡ്വ.കെ.പ്രേംകുമാർ എംഎൽഎ നിർവഹിച്ചു. ഡയറി ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ നൽകി. ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരണം നടത്തി. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.