മീഡിയേഷൻ ഫോർ ദി നേഷൻ കാന്പയിൻ: ജില്ലയിൽ 368 കേസുകൾ തീർപ്പാക്കി
1598697
Saturday, October 11, 2025 12:49 AM IST
പാലക്കാട്: കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾക്ക് വേഗത്തിൽ തീർപ്പുകൽപ്പിച്ച് കക്ഷികൾക്ക് യഥാസമയം നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന ‘മീഡിയേഷൻ ഫോർ ദി നേഷൻ’ കാന്പയിൻ ജില്ലയിൽ വൻവിജയം.
സുപ്രീംകോടതിയുടെ കീഴിലുള്ള മീഡിയേഷൻ ആൻഡ് കണ്‍സീലിയേഷൻ പ്രോജക്ട് കമ്മിറ്റിയും നാഷണൽ ലീഗൽ സർവീസസ് അഥോറിറ്റിയും സംയുക്തമായി രാജ്യവ്യാപകമായി നടത്തിയ കാന്പയിനിന്റെ ഭാഗമായാണ് ജില്ലയിലും പരിപാടി നടന്നത്. ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയായി 90 ദിവസം നീണ്ടുനിന്ന കാന്പയിനിലൂടെ 368 കേസുകൾ ജില്ലയിൽ തീർപ്പാക്കി.
ജില്ലയിലെ വിവിധ കോടതികളിൽ നിന്ന് ജൂലൈ 1 മുതൽ 31 വരെയുളള പ്രത്യേക കോസ് ലിസ്റ്റിൽ ഉൾപ്പെടുത്തി 1705 കേസുകളാണ് മധ്യസ്ഥതയ്ക്കായി റഫർ ചെയ്തിരുന്നത്.
തീർപ്പാക്കിയ കേസുകളിൽ 10 വർഷത്തിലധികം പഴക്കമുള്ള 11 കേസുകൾ ഉൾപ്പെടുന്നു. ഇതിൽ 1982ൽ ഫയൽ ചെയ്ത ഒരു കേസ് പോലും മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ കഴിഞ്ഞു.വൈവാഹിക തർക്ക കേസുകൾ, അപകട ക്ലെയിം കേസുകൾ, ഗാർഹിക അതിക്രമ കേസുകൾ, ചെക്ക് ബൗണ്‍സ് കേസുകൾ, വാണിജ്യതർക്കം, ഉപഭോക്തൃ തർക്കം, പാർട്ടീഷൻ, കടം വീണ്ടെടുക്കൽ, ഒഴിപ്പിക്കൽ, ഭൂമി ഏറ്റെടുക്കൽ, സർവീസ് വിഷയ കേസുകൾ തുടങ്ങിയവയാണ് മധ്യസ്ഥതയ്ക്ക് റഫർ ചെയ്ത് തീർപ്പാക്കിയത്.
കക്ഷികളുടെ സൗകര്യം കണക്കിലെടുത്ത് നേരിട്ടും ഓണ്‍ലൈനിലൂടെയും മധ്യസ്ഥചർച്ചകൾ നടത്തി. മധ്യസ്ഥതയിൽ തീർപ്പാക്കുന്ന കേസുകൾക്ക് കോടതിച്ചെലവ് കക്ഷികൾക്ക് തിരികെ ലഭിക്കുകയും ചെയ്യും.