ഇരുചക്രവാഹനത്തിലെത്തി സ്ത്രീകളുടെ മാലപൊട്ടിച്ച് മോഷണം
1598965
Sunday, October 12, 2025 12:39 AM IST
കോയമ്പത്തൂർ: കോയമ്പത്തൂരിൽ ആഭരണ മോഷണസംഭവങ്ങൾ വർധിക്കുന്നു. പൊള്ളാച്ചിക്ക് സമീപം ഒരു മണിക്കൂറിനുള്ളിൽ പട്ടാപ്പകൽ രണ്ട് സ്ത്രീകളിൽനിന്ന് ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട സംഭവം പൊതുജനങ്ങൾക്കിടയിൽ ഭീതി ജനിപ്പിച്ചു. ദേശീയപാതയിൽ ഇരുചക്രവാഹനത്തിലെത്തിയ രണ്ട് പുരുഷന്മാർ രണ്ട് സ്ത്രീകളിൽനിന്ന് ആഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നു. ഇന്നലെ രാവിലെ 10.30 ക്ക് ആയിരുന്നു ആദ്യസംഭവം.
കുളത്തുപുതൂരിന് സമീപം ഭുവനേശ്വരി (30) എന്ന സ്ത്രീ നടന്നുപോകുന്നതിനിടെ ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേർ ഭുവനേശ്വരിയുടെ കഴുത്തിൽ ധരിച്ചിരുന്ന മാല തട്ടിയെടുത്ത് മിന്നൽവേഗത്തിൽ കടന്നുകളഞ്ഞു. മീനാക്ഷിപുരം റോഡിലെ കെടികെ മിൽ പ്രദേശത്ത് മൊബൈൽഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുകയായിരുന്ന മുത്തുലക്ഷ്മി എന്ന സ്ത്രീയുടെ കഴുത്തിൽനിന്ന് മാലപൊട്ടിച്ചതാണ് രണ്ടാമത്തെ സംഭവം.
രണ്ടു സ്ത്രീകളുടേയും ആഭരണം സ്വർണം പൂശിയതായിരുന്നതിനാൽ ധനനഷ്ടം ഉണ്ടായില്ല. രണ്ട് സ്ത്രീകളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിൽ ആനമല പോലീസ് അന്വേഷണം തുടരുകയാണ്. പ്രതികളെ കണ്ടെത്താൻ നാലംഗ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.