മണ്ണാർക്കാട് യൂണിവേഴ്സൽ കോളജിനു പുതിയ ഭരണസമിതി
1599221
Monday, October 13, 2025 1:18 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട് യൂണിവേഴ്സൽ കോളജിൽ പുതിയ ഭരണസമിതി ചുമതലയേറ്റു. എസ്.ആർ. ഹബീബുള്ളയാണ് ചെയർമാൻ. മുൻ എംഎൽഎ പി.കെ. ശശി ചെയർമാനായിരുന്ന ഭരണസമിതിയുടെ കാലാവധി തീർന്നതിനെ തുടർന്നാണ് പുതിയ ഭരണസമിതി ചുമതലയേറ്റത്.
എതിരില്ലാതെയാണ് തെരഞ്ഞെടുപ്പ് നടന്നത്. സിപിഎം അനുമതിയില്ലാതെ യൂണിവേഴ്സൽ കോളജിനു വേണ്ടി പി.കെ. ശശി സഹകരണ ബാങ്കുകളിൽനിന്ന് ഷെയർ വാങ്ങി എന്ന ആരോപണം ഉൾപ്പെടെ വൻ വിവാദമായിരുന്നു.
പി.കെ. ശശിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ യൂണിവേഴ്സൽ കോളജുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉയർന്നിരുന്നു. ഭരണസമിതിയുടെ കാലാവധി തീർന്നതിനെ തുടർന്ന് അഡ്മിനിസ്ട്രേറ്ററെ നിയമിക്കുകയും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.
അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ തയാറാക്കിയ വോട്ടർ പട്ടികയിൽ ക്രമക്കേടുണ്ടെന്നും തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പി.കെ. ശശി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ കോളജിന്റെ പ്രവർത്തന പരിധിക്ക് പുറത്തു താമസിക്കുന്ന ശശിക്ക് അംഗത്വത്തിന് അർഹതയില്ലെന്നായിരുന്നു കോളജിന്റെ മറുവാദം. ഇരുവിഭാഗത്തിന്റെയും വാദംകേട്ട കോടതി പി.കെ. ശശിയുടെ ഹർജി തള്ളുകയായിരുന്നു.
ഇതോടെയാണ് തെരഞ്ഞെടുപ്പിന് വഴി തെളിഞ്ഞത്. സിപിഎം പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർപേഴ്സനായി സീതാലക്ഷ്മിയെ തെരഞ്ഞെടുത്തു.
ഡയറക്ടർമാരായി കെ. റിയാസുദ്ദീൻ, എം. വിനോദ് കുമാർ, എം. ജിനേഷ്, പി. ഷാജി, പി.പി.കെ മുഹമ്മദ് അബ്ദു റഹ്്മാൻ, പി.കെ. മോഹൻദാസ്, എം. മനോജ്, സി.കെ. ജയശ്രീ, എ.ദിൽന എന്നിവരെയും തെരഞ്ഞെടുത്തു.