പ്രകൃതി നെൽകൃഷിയുടെ വിളവെടുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു
1598964
Sunday, October 12, 2025 12:39 AM IST
ആലത്തൂർ: കാലാവസ്ഥാ മാറ്റത്തെ അതിജീവിച്ച് കീടരോഗ ആക്രമണങ്ങൾ തീരെ ബാധിക്കാതെയും വിളവിൽ കുറവ് വരാതെയും പരീക്ഷണാടിസ്ഥാനത്തിൽ പ്രകൃതികൃഷി രീതിയിൽ കൃഷിയിറക്കിയ ആലത്തൂർ സീഡ് ഫാമിലെ നെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു.
കനത്തമഴയിലും തുടർന്നുണ്ടായ കനത്ത ചൂടിലും നിരവധി രോഗകീടങ്ങൾ, ബാക്റ്റീരിയകൾ, ഓലകരിച്ചിൽ രോഗം, പോളചീയൽ രോഗം, ഇലപ്പേൻ, മുഞ്ഞ, ഓലചുരുട്ടിപുഴു, തണ്ടുതുരപ്പൻപുഴു എന്നിവയുടെ ആക്രമണം വളരെ രൂക്ഷമായിരുന്നു. എന്നാൽ സീഡ് ഫാമിലെ പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയിറക്കിയ ഒരു ഏക്കറിലെ നെൽകൃഷിയിൽ കാലാവസ്ഥാമാറ്റം കൊണ്ട് രൂക്ഷമാകുന്ന കീടരോഗ ബാധകൾ ഒട്ടും ബാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്. കൃഷിയിടത്തിൽ മിത്രപ്രാണികളുടെ എണ്ണം വർധിച്ച തോതിൽ നിലനിർത്താൻ സാധിക്കുന്നുണ്ട് എന്നതും പ്രകൃതി കൃഷിയുടെ പ്രത്യേകതയാണ്. ഒരു ഏക്കറിൽനിന്നും 1638 കിലോഗ്രാം വിളവാണ് പ്രകൃതി കൃഷിയിലൂടെ ലഭിച്ചത്. ഉത്പാദന ഉപാധികളുടെ ചെലവ് വളരെ കുറക്കാനും ഇതുമൂലം സാധിച്ചു എന്നതും നേട്ടമാണ്.
സുസ്ഥിര പ്രകൃതി കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനും പ്രകൃതിദത്ത ഉത്പന്നങ്ങളുടെ വിപണനത്തിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ട് ജൈവ കാർഷികമിഷന്റെ ഒരു സബ് മിഷൻ ആയി കേരള സർക്കാർ പ്രകൃതികൃഷിമിഷൻ രൂപീകരിച്ചിട്ടുണ്ട്.
കെ.ഡി. പ്രസേനൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ മുഖ്യാതിഥിയായി.