ആധുനിക കൃഷിരീതിയും ശാസ്ത്രസാങ്കേതികവിദ്യയും ഏകോപിപ്പിക്കണം: മന്ത്രി പി. പ്രസാദ്
1598971
Sunday, October 12, 2025 12:39 AM IST
ആലത്തൂർ: ആധുനിക കൃഷിരീതിയും ശാസ്ത്രസാങ്കേതികവിദ്യയും ഏകോപിപ്പിച്ച് കാർഷിക മേഖലയെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഓരോ പദ്ധതികളുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. സംസ്ഥാനങ്ങളിലെ കാർഷികോത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ നടപ്പാക്കുന്ന പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് പ്രാരംഭമായി പദ്ധതി നടപ്പിലാക്കുന്നത്. നെല്ല് സംഭരിച്ചാൽ ഉടൻ പണം കൊടുക്കാൻ പറ്റുന്ന തരത്തിലേക്ക് കേരള ബാങ്ക് അടക്കമുള്ള സർക്കാർ നിയന്ത്രണത്തിലുള്ള ബാങ്കുകളെ കൂടി ഈ രംഗത്തേക്ക് ബന്ധപ്പെടുത്താനാണ് ശ്രമിക്കുന്നത്.
കർഷകരിൽ നിന്ന് നെല്ല് എടുത്ത് സിവിൽ സപ്ലൈസ് അരിയാക്കി റേഷൻകടകളിൽ എത്തിച്ച് ജനങ്ങൾ അരി വാങ്ങി ഭക്ഷണം കഴിച്ച കണക്ക് കേന്ദ്രത്തിൽ കൊടുത്തുകഴിയുമ്പോഴാണ് കേരളത്തിന് നെല്ലിന്റെ പൈസക്ക് അപേക്ഷിക്കാൻ കഴിയുക എന്നതാണ് നിലവിലെ കേന്ദ്ര വ്യവസ്ഥ .ഈ കാലതാമസമാണ് കർഷകർക്ക് നെല്ലിന്റെ വില ലഭ്യമാക്കാനും താമസം നേരിടുന്നതെന്നും ഇതിൽ മാറ്റം വേണമെന്നും ഏത് പദ്ധതി കൊണ്ടും ഉദ്ദേശിക്കുന്നത് കാർഷിക മേഖലയിലെ മെച്ചപ്പെട്ട വരുമാനമാണെന്നും മന്ത്രി പറഞ്ഞു.കെ.ഡി. പ്രസേനൻ എംഎൽ എ അധ്യക്ഷത വഹിച്ചു.