കുഞ്ചൻനമ്പ്യാർ സ്മാരക നവീകരണത്തിന് 39 ലക്ഷം അനുവദിച്ചു
1598966
Sunday, October 12, 2025 12:39 AM IST
ഒറ്റപ്പാലം: കുഞ്ചൻനമ്പ്യാർ സ്മാരക നവീകരണത്തിന് 39,20,000 രൂപ ധനകാര്യവകുപ്പ് അനുവദിച്ചു. കാലപ്പഴക്കം മൂലം ബലക്ഷയം ബാധിച്ച കലക്കത്ത് ഭവനത്തിന്റെ നവീകരണത്തിനാണ് അവസാനം ധനകാര്യ വകുപ്പിന്റെ കരുണയുണ്ടായത്. തുള്ളൽകലയുടെ ഇതിഹാസം ജനിച്ച പാലക്കാട് കിള്ളിക്കുറുശിമംഗലത്തെ കലക്കത്ത് ഭവനത്തിന്റെ തനിമ നിലനിർത്തിയുള്ള നവീകരണത്തിനാണ് തുക പൂർണമായും വിനിയോഗിക്കുക.
1700- 1770 കാലഘട്ടത്തിൽ ജീവിച്ച മഹാകവിയുടെ ജന്മഗൃഹം അച്യുതമേനോൻ സർക്കാരിന്റെ കാലഘട്ടത്തിലാണ് കലക്കത്ത് കുടുംബത്തിൽ നിന്ന് ഏറ്റെടുത്ത് സംരക്ഷിച്ചുവരുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കവി ഗൃഹം സർക്കാർ ഏറ്റെടുക്കുന്നത് പടിപ്പുര തകർന്ന് നിലം പൊത്തുമെന്ന അവസ്ഥയിലായിരുന്നു. തുടർന്ന് അതാതുകാലഘട്ടത്തിൽ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിച്ചു പോന്നു.
കേരള സർക്കാർ സാംസ്കാരിക വകുപ്പ് നിയോഗിക്കുന്ന ഭരണസമിതി 1997-98 കാലഘട്ടങ്ങളിലാണ് ബലക്ഷയങ്ങൾ പരിഹരിച്ച് അക്കാലത്ത് നവീകരിച്ചിരുന്നത്. ഇതിനുശേഷം വന്ന ഭരണസമിതികൾ ഓടുപുര മേഞ്ഞ മൺചുമരോട് കൂടിയ വീടിന്റെ അറ്റകുറ്റപണികളും നടത്തിവന്നു. അറ്റകുറ്റപണി കൊണ്ട് മാത്രം കഴിയാത്ത വിധത്തിൽ അടുത്തിടെ മേൽക്കൂര തകരുന്ന അവസ്ഥയും കാലപഴക്കം കൊണ്ട് മൺചുമർ അടർന്ന് വിള്ളൽ വരുന്ന സ്ഥിതി വിശേഷവും ഉണ്ടായി.കഴിഞ്ഞ നാല് മാസത്തിലേറെയായി കവിഗൃഹത്തിനുള്ളിലേയ്ക്ക് സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്ത് പ്രവേശനം നിർത്തിവെക്കുന്ന സ്ഥിതിയും ഉണ്ടായി. സ്പെഷൽ ഗ്രാന്റിന്റെ അപര്യാപ്തത മൂലം ജീവനക്കാർക്കും താത്കാലിക അധ്യാപകർക്കും ശമ്പളകുടിശികയും ഉണ്ടായതും ഏറെക്കുറെ പരിഹരിച്ചുകഴിഞ്ഞു. അടുത്തായി തന്നെ നവീകരണ പ്രവർത്തനങ്ങൾ നടത്താനാകും എന്ന് സർക്കാർ വകുപ്പുകൾ അറിയിച്ചു.
കെ. പ്രേംകുമാർ എംഎൽഎ, ലക്കിടി പേരൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ്, സ്മാരകം ചെയർമാർ ജയദേവൻ, സെക്രട്ടറി എൻ. നാരായണൻ നമ്പൂതിരി, തുള്ളൽ കലാകാരനായ കുഞ്ചൻ സ്മാരകം രാജേഷ് എന്നിവർ അടക്കമുള്ള ഭരണസമിതി അംഗങ്ങളുടെ കൂട്ടായ പരിശ്രമമാണ് നവീകരണത്തിന് തുക അനുവദിച്ചതിനു സഹായകരമായത്.