‘വടക്കഞ്ചേരി ഫയർസ്റ്റേഷന് സ്വന്തം സ്ഥലം കണ്ടെത്തി മാറ്റിസ്ഥാപിക്കണം’
1599479
Tuesday, October 14, 2025 1:09 AM IST
വടക്കഞ്ചേരി: മൂന്ന് പതിറ്റാണ്ടിലേറെയായി വാടകകെട്ടിടത്തിൽ തുടരുന്ന വടക്കഞ്ചേരി ഫയർ സ്റ്റേഷന് സ്വന്തം സ്ഥലം കണ്ടെത്തി മാറ്റി സ്ഥാപിക്കണമെന്ന് കേരള ഫയർ സർവീസ് അസോസിയേഷൻ വടക്കഞ്ചേരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. 1995 ഓഗസ്റ്റ് അഞ്ചിനാണ് അഞ്ചുമൂർത്തിമംഗലം ഗാന്ധി സ്മാരക യുപി സ്കൂളിനു സമീപം പഴയ തീപ്പെട്ടി കമ്പനിയിൽ ഫയർ സ്റ്റേഷൻ ആരംഭിച്ചത്.
രണ്ടുവർഷത്തിനുള്ളിൽ സ്ഥലം കണ്ടെത്തി കെട്ടിടം നിർമിക്കുമെന്ന ഉറപ്പിലായിരുന്നു വാടക കെട്ടിടത്തിൽ ആരംഭിച്ചത്. കാലപ്പഴക്കത്തിൽ അപകടഭീഷണിയുള്ള കെട്ടിടത്തിലാണ് ഇപ്പോൾ ഫയർസ്റ്റേഷൻ പ്രവർത്തിക്കുന്നത്. അസോസിയേഷൻ സംസ്ഥാനകമ്മിറ്റി അംഗം ടി. സി. സജിത്ത് പതാക ഉയർത്തി. മേഖലാ പ്രസിഡന്റ് ആർ. രഞ്ജിഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ. ഷജി, ജോ. സെക്രട്ടറി കെ. ഗിരീഷ്, വൈസ് പ്രസിഡന്റ് പ്രകാശൻ എന്നിവർ പ്രസംഗിച്ചു. ടി.സി. സജിത്ത്, കെ. ഗിരീഷ്, സി. സന്ദീപ് എന്നിവരെ മേഖല കമ്മിറ്റി അംഗങ്ങളായും എം. മുകേഷിനെ ലോക്കൽ കൺവീനറായും എ. അർജുനെ ട്രഷറായും തെരഞ്ഞെടുത്തു.