സർവീസ് റോഡിലേക്കു തിരിയാൻ സൂചനാബോർഡും വെളിച്ചവുമില്ല
1599486
Tuesday, October 14, 2025 1:09 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാതയിൽനിന്നു സർവീസ് റോഡിലേക്കു പ്രവേശിക്കുന്ന ജംഗ്ഷനുകളിൽ മതിയായ സൂചനാബോർഡുകളോ വെളിച്ചമോ ഇല്ലാത്തത് അപകടങ്ങൾക്കു കാരണമാകുന്നതായി പരാതി. പാലക്കാട് ലൈനിൽ ഹോട്ടൽ ഡയാനയ്ക്കടുത്ത ജംഗ്ഷനിലും മംഗലംപാലത്തിനടുത്തെ ജംഗ്ഷനിലുമാണ് അപകടങ്ങൾ തുടരുന്നത്.
പന്നിയങ്കര ടോൾപ്ലാസ കടന്ന് വടക്കഞ്ചേരിയിലേക്കും മംഗലംഡാം, കിഴക്കഞ്ചേരി, നെന്മാറ തുടങ്ങി സംസ്ഥാനപാതയിലേക്കും പോകേണ്ട വാഹനങ്ങൾക്ക് സർവീസ് റോഡിലേക്കു തിരിയേണ്ട സ്ഥലം ദൂരെനിന്നുതന്നെ അറിയാൻ കഴിയാത്തതാണ് പ്രശ്നമാകുന്നത്.
ഡയാനയ്ക്കടുത്ത ജംഗ്ഷനിൽ വടക്കഞ്ചേരിയെന്ന് സൂചന നൽകുന്ന വളരെ ചെറിയ ബോർഡാണ് സ്ഥാപിച്ചിട്ടുള്ളത്. സ്ഥിരമായി പോകുന്നവർക്കുമാത്രമേ ഈ ബോർഡ് കാണാനാകൂ.
രാത്രിസമയം ഇവിടെ വെളിച്ചമില്ലാത്തതിനാൽ ദൂരസ്ഥലങ്ങളിൽനിന്നുവരുന്നവർ തിരിയേണ്ട കവല കാണാനാകാതെ മുന്നോട്ടുപോയി മേൽപ്പാലത്തിൽ കയറി വഴിതെറ്റുന്ന സ്ഥിതിയാണ്. മംഗലം പാലത്തിനടുത്ത കവലയിൽ സൂചനാബോർഡോ വെളിച്ചമോ ഇല്ല. സർവീസ് റോഡുകളിൽ വാഹനങ്ങൾ നിർത്തിയിടുന്നതും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.