രണ്ടാംവിള ഞാറ്റടിക്കായി ഞാറുപാകൽ തുടങ്ങി
1599480
Tuesday, October 14, 2025 1:09 AM IST
ചിറ്റൂർ: നല്ലേപ്പിള്ളിയിൽ രണ്ടാംവിള ഞാറ്റടിക്ക് ഞാറുപാകൽ പണികൾ ആരംഭിച്ചു. ഒന്നാംവിള കൊയ്ത്ത്, നെല്ല് ഉണക്കൽ പണികൾ അവസാനിക്കും മുമ്പ് തന്നെ രണ്ടാംവിള ഇറക്കാൻ വേണ്ട ഞാറു തയാറാക്കൽ പണികളുംആരംഭിച്ചു. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ രണ്ടുപ്രാവശ്യം 10 ദിവസം മുമ്പ് ഉഴുതുമറിച്ച ശേഷമാണ് ഞാറ് പാകുന്നത്. സിആർ, പൊന്മണി ഇനത്തിൽപ്പെട്ട വിത്തിനമാണ് പാകുന്നത്. അഞ്ചുമാസത്തെ മൂപ്പാണുള്ളത്. 30 ദിവസത്തിനുള്ളിൽ പറിച്ചുനട്ടാൽ മാർച്ച് ആദ്യആഴ്ച തന്നെ കൊയ്ത്ത് നടത്താൻ കഴിയും.
ഞാറ്റടി തയാറാക്കുന്നത് കനാൽവെള്ളം ലഭിക്കാത്തതു കൊണ്ട് കുഴൽകിണർ വെള്ളം കൊണ്ടാണ് ഞാറുപാകുന്നത്. നല്ലേപ്പിള്ളിയിൽ വ്യാപകമായി കൊയ്ത്ത് ആരംഭിക്കാൻ രണ്ടാഴ്ച കഴിയും. മൂപ്പ് കുറഞ്ഞ ടിപിഎസ് വിത്തിനം കൃഷിയിറക്കത് കൊണ്ടാണ് കൊയ്ത്ത് നടത്താൻ കഴിഞ്ഞത്. ഭദ്ര, ഉമ നെല്ലിനമാണെങ്കിൽ 20 ദിവസത്തിൽ കൂടുതൽ വൈകും. ആദ്യം ഞാറ് ആകുന്നവർക്ക് പറിച്ചുനടീൽ നടത്താൻ നാട്ടുകാരായ തൊഴിലാളികളെ കിട്ടും. വൈകിയാൽ ബംഗാളികളെയും തമിഴ്നാട്ടുകാരെയും ഉയർന്നകൂലി കൊടുത്തു പണിചെയ്യേണ്ടിവരും.
മഴ, കൊയ്ത നെല്ലിന്റെ ഉണക്കൽപണി, തൊഴിലുറപ്പ് പണികൾക്കിടയിലാണ് ഭൂരിപക്ഷം കർഷകർക്കും തൊഴിലാളികളെ കിട്ടാതെ വരുന്ന സാഹചര്യം ഉണ്ടാകുന്നത്. മൂപ്പ് ഇല്ലാത്ത ഞാറു സമയത്തിന് നടീൽ നടത്തിയാൽ മെച്ചപ്പെട്ട വിളവു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകരെന്ന് നെൽകർഷകനായ വി. രാജൻ പറഞ്ഞു.