പഞ്ചായത്തുകളിലെ ഇ- മാലിന്യ ശേഖരണം: പരിശീലനം നൽകി
1599481
Tuesday, October 14, 2025 1:09 AM IST
മണ്ണാർക്കാട്: മാലിന്യമുക്തം നവകേരളം ശുചിത്വ കാമ്പയിനിന്റെ ഭാഗമായി മണ്ണാർക്കാട്, ശ്രീകൃഷ്ണപുരം ബ്ലോക്കുകളിലെ പഞ്ചായത്തുകളിൽ ഇ-വേസ്റ്റ്, ഇതര മാലിന്യങ്ങൾ എന്നിവയുടെ ശേഖരണം പ്രത്യേകമായും കലണ്ടർപ്രകാരവും നടത്തുന്നതിന് പഞ്ചായത്ത് ഹരിതകർമസേന കൺസോർഷ്യം പ്രതിനിധികൾ, പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻ ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർക്ക് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പരിശീലനം നൽകി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിമാരും പങ്കെടുത്തു.
ഹരിതകർമസേനാംഗങ്ങൾ വില കൊടുത്താണ് ജനങ്ങളിൽ നിന്നും ഇ മാലിന്യം ശേഖരിക്കുക. ക്ലീൻ കേരള കമ്പനിയുമായി സഹകരിച്ച് പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിലാണ് ശേഖരണം നടത്തുന്നത്. ഹരിത കർമസേന കാര്യശേഷി വികസനം, ഗുണപരത മെച്ചപ്പെടുത്തൽ, സംരഭകത്വം എന്നിവയുമായി ബന്ധപ്പെട്ടും ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി എ.ആർ. രാഗിണി അധ്യക്ഷത വഹിച്ചു. ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ഇ.എം. അബ്ദുൾ ബഷീർ സ്വാഗതം പറഞ്ഞു. ക്ലീൻകേരള സെക്ടർ കോ-ഓർഡിനേറ്റർ പി.വി. സഹദേവൻ ക്ലാസെടുത്തു. പരിശീലനത്തിന് ശേഷം പഞ്ചായത്ത്തല പ്രവർത്തനം സംബന്ധിച്ച് സമഗ്രചർച്ചയും നടന്നു.