കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ തദ്ദേശവകുപ്പ് പരിഷ്കരിക്കും: മന്ത്രി എം.ബി. രാജേഷ്
1599474
Tuesday, October 14, 2025 1:09 AM IST
പാലക്കാട്: പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാനുതകുന്ന രൂപത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിനെ രൂപപ്പെടുത്തുമെന്ന് മന്ത്രി എം.ബി. രാജേഷ്. ലോകശ്രദ്ധ നേടിയ കേരള വികസന മാതൃക രൂപപ്പെടുത്തിയതിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മുഖ്യ പങ്കാണ് വഹിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
വിഷൻ 2031 തദ്ദേശ സ്വയംഭരണ വകുപ്പ് സംസ്ഥാനതല സെമിനാറിന്റെ പ്രാരംഭ സെഷനിൽ കേരളത്തിന്റെ വികസനം 2031 ൽ എന്ന വിഷയത്തിൽ കരട് നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിൽ തദ്ദേശവകുപ്പ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ജനങ്ങളുടെ സർഗാത്മകത, ഉൗർജം എന്നിവയെ കെട്ടഴിച്ചുവിട്ടാണ് കേരളം ഈ നേട്ടം കൈവരിച്ചത്. ഇതിന് നേതൃത്വം നൽകിയത് തദ്ദേശവകുപ്പാണ്. കെസ്മാർട്ട് അടക്കമുള്ള ഇ ഗവേർണൻസ് സംവിധാനങ്ങളിലൂടെ ശാസ്ത്രീയ നികുതി സമാഹരണം വഴി തദ്ദേശസ്ഥാപനങ്ങൾക്ക് സാന്പത്തിക ശാക്തീകരണം കൈവരിക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.
കുത്തകകൾക്ക് ബദൽ ഉയർത്താൻ സാധിക്കുന്ന രൂപത്തിൽ കുടുംബശ്രീയെ പ്രാപ്തരാക്കുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളെ കാലാനുസൃതമായി പരിഷ്കരിക്കുക, തദ്ദേശസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക എന്നിവയിൽ ഉൗന്നിയുള്ള കരട് നയരേഖ അവതരണം മന്ത്രി നിർവഹിച്ചു.
പ്രാദേശിക സാന്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള ചാലകശക്തിയായി തദ്ദേശസ്ഥാപനങ്ങളെ മാറ്റും. സുസ്ഥിര അടിസ്ഥാന സൗകര്യ വികസനം, സംയോജിത വികസനം എന്നിവയ്ക്ക് ഉൗന്നൽ നൽകും. കാലാവസ്ഥാ വ്യതിയാനം, ദുരന്ത പ്രതികരണം എന്നിവ മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനം ശക്തിപ്പെടുത്തും.
സുസ്ഥിര വികസന പ്രസ്ഥാനം എന്ന നിലയിലേക്ക് കുടുംബശീയെ ഉയർത്തിക്കൊണ്ടുവരും.
സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം 50 ശതമാനമായി വർധിപ്പിക്കും. ഇതിലൂടെ കേരളത്തിന്റെ സാമൂഹ്യഘടനയിൽ വലിയ മാറ്റം സൃഷ്ടിക്കാനാവും. തദ്ദേശ വകുപ്പുമായി ബന്ധപ്പട്ട നിയമങ്ങളും ചട്ടങ്ങളും കാലാനുസൃതമായി പരിഷ്കരിക്കുമെന്നും കരട്നയരേഖ അവതരണത്തിൽ മന്ത്രി പറഞ്ഞു.
കഴിഞ്ഞ 10 വർഷം കൊണ്ട് തദ്ദേശ സ്വയംഭരണവകുപ്പ് കരസ്ഥമാക്കിയ വിവിധ നേട്ടങ്ങളും വകുപ്പ് അവതരിപ്പിച്ച മികച്ച മാതൃകകളും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ പരിചയപ്പെടുത്തി. പാലക്കാട് കോസ്മോപൊളിറ്റൻ ക്ലബ്ബിൽ നടന്ന സെഷനിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ സ്വാഗതവും പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ് നന്ദിയും പറഞ്ഞു.