ഞെട്ടൽ വിട്ടുമാറാതെ നിധിന്റെ അമ്മ
1599762
Wednesday, October 15, 2025 1:14 AM IST
കല്ലടിക്കോട്: അവൻ എന്റെ മകനെ കൊന്നു. പോലീസിനോട് ഇങ്ങനെ പറയാൻപോലും ഷൈലയ്ക്കു ത്രാണിയില്ലായിരുന്നു. എന്നുംകാണുന്ന അയൽവാസിയായ ബിനു മകൻ നിധിനെ കൊന്നതു വിശ്വസിക്കാനാകാതെ തേങ്ങുകയായിരുന്നു ആ അമ്മ. മകന്റെ മരണവാർത്തയറിഞ്ഞ് പണിസ്ഥലത്തുനിന്ന് അലറിവിളിച്ച് ഓടിയെത്തിയതായിരുന്നു ഷൈല.
ചുള്ളിയാംകുളത്തിനു സമീപം മരുതുംകാട്ടിലെ വീടിനുമുമ്പിൽ ഒരാൾ വെടിയേറ്റു മരിച്ചുകിടക്കുന്നുണ്ടെന്നും വേഗം എത്തണമെന്നും സമീപവാസികൾ ഷൈലയെ വിളിച്ച് ആവശ്യപ്പെട്ടപ്പോൾ തന്റെ മകനെ കൊന്നയാളാണെന്നു കരുതിയിരുന്നില്ല. കൂലിപ്പണിക്കുപോകുന്ന ഷൈലയും ഒന്നാം വർഷ ബിരുദത്തിനു പഠിക്കുന്ന മകൻ ബേബിയും ഈ വീട്ടിലാണു താമസിക്കുന്നത്.
വീട്ടുമുറ്റത്ത് എത്തിയപ്പോൾമാത്രമാണ് മകൻ മരിച്ചതറിഞ്ഞത്. പൊട്ടിക്കരഞ്ഞ ഷൈലയെ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രനും പഞ്ചായത്തംഗം അനിത സന്തോഷും ചേർന്ന് സമീപത്തുനിന്നും മാറ്റി. ബിനുവിന്റെ വണ്ടിയിലാണ് പലപ്പോഴും നിധിനും ബേബിയും കവലയിലേക്കു പോകാറുള്ളത്.