മർച്ചന്റ്സ് അസോസിയേഷൻ മേഖലായോഗം
1599757
Wednesday, October 15, 2025 1:14 AM IST
നെന്മാറ: അടിപ്പെരണ്ട മർച്ചന്റ്സ് അസോസിയേഷൻ കരിമ്പാറ മേഖലയോഗം ചേർന്നു. നികുതി വെട്ടിച്ചുള്ള ഓൺലൈൻ വ്യാപാരവും ലൈസൻസ് ഇല്ലാത്ത വഴിയോര കച്ചവടം എന്നിവ മൂലം വ്യാപാരികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് യോഗം ചർച്ച ചെയ്തു. ടൂറിസം വികസനത്തിനും വ്യാപാരത്തിനും തടസമായി നിൽക്കുന്ന നെന്മാറ-ഒലിപ്പാറ റോഡ് നവീകരണം വേഗം പൂർത്തിയാക്കണമെന്നും ജിഎസ്ടി പരിഷ്കരണത്തിലെ ഇളവ് സാധനങ്ങൾ മുൻകൂട്ടി വാങ്ങിച്ച വ്യാപാരികൾക്ക് ലഭ്യമാക്കാൻ നടപടി ഉണ്ടാവണമെന്നും കയറാടി, കരിമ്പാറ, പറയമ്പളം, കോപ്പംകുളമ്പ് മേഖലകളിൽ വർധിച്ചുവരുന്ന വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നും, വൈകുന്നേരം വ്യാപാരസ്ഥാപനങ്ങൾ തുറന്നിരിക്കുന്നതിന് വന്യമൃഗങ്ങൾ ഭീഷണിയാവുന്നതായും അംഗങ്ങൾ പരാതിപ്പെട്ടു.
തെരുവുവിളക്കുകൾ കത്തിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ട്രഷറർ ഹുസൈൻകുട്ടി യോഗം ഉദ്ഘാടനം ചെയ്തു. അടിപ്പെരണ്ട യൂണിറ്റ് വൈസ് പ്രസിഡന്റ് അബ്ദുൾ റഹ്മാൻ മരുതംചേരി അധ്യക്ഷനായി. യൂണിറ്റ് കൺവീനർ പി. ഗംഗാധരൻ പറയമ്പള്ളം റിപ്പോർട്ട് അവതരിപ്പിച്ചു. മോഹനൻ കരിമ്പാറ, ലിബിൻ ശശി തോടുകാട്, പി. ഇസ്ഹാക്ക് കരിമ്പാറ, സുലൈമാൻ ചക്രായി, കെ. സുദേവൻ, എം. സന്തോഷ്, രാധാകൃഷ്ണൻ കോപ്പൻകുളമ്പ് എന്നിവർ പ്രസംഗിച്ചു.