കാത്തിരിപ്പ് അട്ടപ്പാടിക്കാർക്കു പുത്തരിയല്ല
1600427
Friday, October 17, 2025 6:51 AM IST
എം.വി. വസന്ത്
പാലക്കാട്: കേരളത്തിലെ ആദ്യ ട്രൈബൽ താലൂക്കായ അട്ടപ്പാടിയിൽ താലൂക്ക് സപ്ലൈ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന്. താലൂക്ക് രൂപീകരണത്തിന്റെ അഞ്ചാംവാർഷികത്തിന്റെ തൊട്ടുമുന്പു മാത്രമാണ് സപ്ലൈ ഓഫീസ് യാഥാർഥ്യമാകുന്നത്.
എന്നും വികസനത്തിന്റെ പിന്നാന്പുറത്തുകാർ എന്നു വിശേഷിപ്പിക്കപ്പെട്ട അട്ടപ്പാടിക്കാർക്ക് താലൂക്ക്തല സപ്ലൈ ഓഫീസിനായും കാത്തിരിക്കേണ്ടി വന്നതു അഞ്ചുവർഷത്തോളം! മണ്ണാർക്കാട് താലൂക്കിനെ വിഭജിച്ച് 2021 ജനുവരി 25 നാണ് അട്ടപ്പാടിയെ ട്രൈബൽ താലൂക്കായി പ്രഖ്യാപിച്ചത്. പതിറ്റാണ്ടുകൾ നീണ്ട മുറവിളികൾക്കു ശേഷമാണ് അട്ടപ്പാടി താലൂക്കാകുന്നത്. കൃത്യമായി പറഞ്ഞാൽ ആദ്യമായി ഈ ആശയം ഉയർന്നുവന്നതിന്റെ എഴുപത്തിയഞ്ചാം വർഷം.
സ്വാതന്ത്ര്യത്തിനു മുന്പും...
അട്ടപ്പാടി ജില്ല, അട്ടപ്പാടി താലൂക്ക് തുടങ്ങിയ ആശയങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നു തന്റെ ഗവേഷണഫലങ്ങൾ നിരത്തി ദീർഘകാലമായി അട്ടപ്പാടിയെക്കുറിച്ചു ഗവേഷണരംഗത്തുള്ള ഡോ.എ.ഡി. മണികണ്ഠൻ സമർഥിക്കുന്നു. രാജ്യം സ്വതന്ത്രമാകുന്നതിനു മുന്പും ഈ ആശയം ഉയർന്നുവന്നിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു.
1947ൽ വി. സുബ്ബരായനും മറ്റ് അംഗങ്ങളും ചേർന്നെഴുതി മദ്രാസ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിനെ അടിസ്ഥാനമാക്കി 1948ൽ പ്രസിദ്ധീകരിച്ച വി. സുബ്ബരായന്റെ “ഫോർഗോട്ടൻ സൺസ് ഓഫ് ഇന്ത്യ” എന്ന കൃതിയിലായിലാണ് അട്ടപ്പാടി താഴ്വാരത്തെ ഒരു താലൂക്ക് അല്ലെങ്കിൽ ഫർക്ക ആയി പരിഗണിക്കണമെന്ന ആശയം ആദ്യമായി ഉന്നയിക്കപ്പെടുന്നത്.
ഏറെക്കാലത്തിനുശേഷം 1962 ൽ അട്ടപ്പാടി താഴ്വാരമൊരു പഞ്ചായത്തായി. തൊട്ടടുത്ത വർഷം ബ്ലോക്ക് പഞ്ചായത്തായി മാറി. പക്ഷേ താലൂക്ക് എന്ന ആവശ്യത്തിനു പൊതുജനാഭിപ്രായങ്ങളും വാർത്തകളും വന്നുകൊണ്ടിരുന്നു. പിന്നീടങ്ങോട്ട് അട്ടപ്പാടി താലൂക്കിനു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പായിരുന്നു. വി. സുബ്ബരായന്റെ ആദ്യആശയം എഴുപത്തിയഞ്ചാം വർഷത്തിലെത്തിയപ്പോഴാണ് താലൂക്ക് യാഥാർഥ്യമായത്.
ചില രേഖപ്പെടുത്തലുകൾ...
* എഡി 1800 ഡിസംബർ മാസത്തിൽ സ്കോട്ട്ലൻഡുകാരനായ ഫ്രാൻസിസ് ബുക്കാനൻ മലബാറിലൂടെ നടത്തിയ സഞ്ചാരത്തിനിടയിൽ മണ്ണാർക്കാട് പ്രദേശം സാമൂതിരിയുടെ കീഴിലായിരുന്നുവെന്നും അട്ടപ്പാടി ഒരു ജില്ലയായിരുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
*1875ൽ മലബാർ കളക്ടറായിരുന്ന വില്യം ലോഗൻ എഴുതിയ മലബാർ മാന്വവലിൽ (1887) അട്ടപ്പാടിയെ ഒരു താഴ്വാരമെന്നായിരുന്നു രേഖപ്പെടുത്തിയത്. പിന്നീടങ്ങോട്ട് അട്ടപ്പാടി താഴ്വാരമെന്നാണ് മിക്കവാറുമെല്ലാ കൃതികളിലും കാണുന്നത്.
*1901-ലെ കണക്കുകൾ പ്രകാരം അട്ടപ്പാടിയിലെ മൊത്തം ജനസംഖ്യ ഏകദേശം പതിനായിരത്തോളമായിരുന്നു. 105 ആദിവാസി ഊരുകളുണ്ടായിരുന്നു. ഇരുള, കുറുമ്പ, മുഡുക തുടങ്ങിയവരെ കൂടാതെ വഡുഗർ, തമിഴ്, കന്നഡ ഗൗണ്ടന്മാരും അട്ടപ്പാടിയിൽ താമസിച്ചിരുന്നു. അക്കാലത്ത് ബ്രിട്ടീഷുകാർ വളരെ വിരളമായിട്ട് മാത്രമേ അട്ടപ്പാടിയിലെത്തിയിരുന്നുള്ളൂ.