നെല്ലുസംഭരണം തീരുമാനം നീളുന്നു: മില്ലുടമകളുമായി നാളെ വീണ്ടും ചർച്ച
1600418
Friday, October 17, 2025 6:42 AM IST
നെന്മാറ: ഒന്നാംവിള കൊയ്ത്ത് 50 ശതമാനത്തിലേറെ കഴിഞ്ഞിട്ടും സംഭരണവിലയിലും മില്ലുകളെ അനുവദിക്കുന്നതിലും തീരുമാനമായില്ല.
സപ്ലൈകോയാണ് കർഷകരിൽനിന്നും നെല്ല് സംഭരിക്കുന്നതിന് സ്വകാര്യ മില്ലുകളെ ചുമതലപ്പെടുത്താറുള്ളത്. മുന്പ് രണ്ടുതവണ മില്ലുകളുമായി ചർച്ച നടത്തിയെങ്കിലും മില്ലുകാരുടെ ആവശ്യങ്ങൾക്ക് സപ്ലൈകോയും വഴങ്ങിയിരുന്നില്ല. സംഭരിച്ച നെല്ലിന്റെ നിശ്ചിത അനുപാതമായ 60 ശതമാനം അരി സപ്ലൈകോക്ക് നൽകണമെന്ന് കേന്ദ്ര വ്യവസ്ഥ അംഗീകരിക്കാൻ കഴിയില്ലെന്നാണ് മില്ലുടമകൾ പറയുന്നത്. കൈകാര്യ ചെലവുവർധന, ജിഎസ്ടി ഇളവ് എന്നീ ആവശ്യങ്ങളും മില്ലുടമകളുടെ സംഘം ആവശ്യപ്പെടുന്നു.
കഴിഞ്ഞയാഴ്ച പാലക്കാട്ട് രണ്ടുമന്ത്രിമാരുടെ നേതൃത്വത്തിൽ മില്ലുടമ സംഘങ്ങളുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. നെല്ലുസംഭരണം സംബന്ധിച്ച് കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി നാളെ എറണാകുളത്ത് ഭക്ഷ്യ- സിവിൽ സപ്ലൈസ് മന്ത്രി വീണ്ടും ചർച്ച നടത്തുന്നുണ്ടെന്ന് മില്ലുടമാസംഘം ഭാരവാഹികൾ പറഞ്ഞു.