തോക്ക് ബിസിനസ് സ്ഥാപനത്തിനെതിരേയുള്ള നടപടികൾ പൂർത്തിയാക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ
1600422
Friday, October 17, 2025 6:51 AM IST
പാലക്കാട്: മുത്തുപട്ടണം കല്പാത്തിക്ക് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ തോക്ക് ബിസിനസ് സ്ഥാപനത്തിനെതിരേ കേരള മുൻസിപ്പൽ നിയമപ്രകാരം സ്വീകരിച്ചുവരുന്ന തുടർനടപടികൾ പൂർത്തിയായിട്ടില്ലെങ്കിൽ കാലതാമസം കൂടാതെ നിയമാനുസൃതം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടർക്കും മുൻസിപ്പൽ സെക്രട്ടറിക്കും നിർദേശം നൽകി.
തോക്കിന്റെ അറ്റകുറ്റപണികൾക്കിടെ വലിയ ശബ്ദത്തോടെ വെടിപൊട്ടുന്നത് കാരണം പരിസരവാസികൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാവുകയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. സ്ഥാപനം കേരള മുൻസിപ്പൽ നിയമം 447 പ്രകാരമുള്ള ലൈസൻസ് എടുക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചിട്ടുള്ളതായി ജില്ലാ കളക്ടർ കമ്മീഷനിൽ സമർപ്പിച്ച വിശദീകരണത്തിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ നിയമാനുസൃതം നടപടിയെടുക്കാൻ നഗരസഭയ്ക്ക് നിർദേശം നൽകിയിട്ടുള്ളതായി ജില്ലാ കളക്ടർ അറിയിച്ചു.
ആംസ് ആക്ട്, ആംസ് റൂൾസ് എന്നിവ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ച് പരിസരവാസികൾക്ക് ശല്യമുണ്ടാകാത്തതരത്തിൽ പ്രവർത്തിക്കാൻ മലബാർ ആർമറി എന്ന സ്ഥാപനത്തിന്റെ ഉടമയ്ക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ പരിസരവാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായി പരാതിക്കാരി അറിയിച്ചു.
സ്ഥാപനം അടച്ചുപൂട്ടാൻ പാലക്കാട് നഗരസഭ നോട്ടീസ് നൽകിയത് കാരണം പരാതിക്കാർക്കെതിരേ കള്ളപരാതികൾ നൽകി സ്ഥാപനം ബുദ്ധിമുട്ടിക്കുകയാണെന്നും കല്പാത്തി വാർഡ് നഗരസഭ കൗൺസിലർ കമ്മീഷനെ അറിയിച്ചു. പരാതിക്കാർക്ക് ഭീഷണിയുണ്ടെങ്കിൽ ഡിവൈഎസ്പിക്ക് പരാതി നൽകണമെന്ന് കമ്മീഷൻ നിർദേശിച്ചു. പരാതി ലഭിച്ചാൽ ഡിവൈഎസ്പി പ്രാഥമിക അന്വേഷണം നടത്തി നിയമാനുസൃതം തുടർനടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു.