ഷൊർണൂരിൽ 45 ഏക്കർ തരിശുഭൂമിയിൽ നെൽകൃഷി ഇറക്കാൻ പദ്ധതിയായി
1600591
Saturday, October 18, 2025 1:24 AM IST
ഒറ്റപ്പാലം: ഷൊർണൂരിൽ തരിശിട്ടിരുന്ന നാൽപ്പത്തഞ്ച് ഏക്കറിലധികം പ്രദേശത്ത് രണ്ടാംവിള കൃഷിയിറക്കാൻ നടപടികളായി. തരിശിട്ടിരിക്കുന്ന മുഴുവൻ കൃഷിഭൂമിയിലും രണ്ടാംവിള നെൽകൃഷി നടപ്പിലാക്കാനാണ് പദ്ധതി.
കഴിഞ്ഞവർഷത്തേക്കാൾ 35 ഏക്കർ അധികം സ്ഥലത്താണ് കൃഷിയിറക്കുന്നത്. കഴിഞ്ഞവർഷം 2,764 ഹെക്ടർ സ്ഥലത്തായിരുന്നു കൃഷി. ഇതിൽ വർഷങ്ങളായി തരിശായിക്കിടന്ന 42.5 ഏക്കർ പാടങ്ങളിലും അധികമായി കൃഷിയിറക്കാൻ കൃഷിവകുപ്പിന് കഴിഞ്ഞിട്ടുണ്ട്.
അമ്പലപ്പാറ, ഷൊർണൂർ, നെല്ലായ കൃഷിഭവനുകളിലാണ് കൂടുതൽ തരിശുഭൂമി കൃഷിയിടമാക്കിയത്. അഞ്ച് ഹെക്ടർ വീതം സ്ഥലത്താണ് ഇവിടങ്ങളിൽ കൃഷി.
തൃക്കടീരിയിൽ രണ്ട് ഹെക്ടർ സ്ഥലത്തുമാണ് കൃഷി. പത്ത് കൃഷിഭവനുകളിൽ ഇത്തവണ അമ്പലപ്പാറ കൃഷിഭവൻ പരിധിയിലാണ് ഏറ്റവും കൂടുതൽ നെൽക്കൃഷി ഇറക്കുന്നത്-400 ഹെക്ടർ. കഴിഞ്ഞ വർഷവും അമ്പലപ്പാറതന്നെയായിരുന്നു മുന്നിൽ. ഏറ്റവും കുറവ് 150 ഹെക്ടർ കൃഷിചെയ്യുന്ന തൃക്കടീരിയാണ്. ഷൊർണൂരിൽ 378 ഹെക്ടർ, ലക്കിടിയിൽ 340, ഒറ്റപ്പാലം 300, വല്ലപ്പുഴ 285, വാണിയംകുളം 270, ചളവറ 240, നെല്ലായ 235, അനങ്ങനടി 180 ഹെക്ടർ എന്നിങ്ങനെയാണ് രണ്ടാംവിള കൃഷിയിറക്കുന്നത്. ഇതിൽ ഭൂരിഭാഗം സ്ഥലത്തും കൃഷിയിറക്കിത്തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഒറ്റപ്പാലം, ഷൊർണൂർ, വാണിയംകുളം, വല്ലപ്പുഴ കൃഷിഭവനുകളിലായി ആകെ 75 ഹെക്ടറിൽ കൂടുതൽ സ്ഥലത്ത് കൃഷിയിറക്കാൻ കഴിഞ്ഞിട്ടുണ്ട്.
അനങ്ങനടി, ലക്കിടി, തൃക്കടീരി കൃഷിഭവനുകളിൽ കൃഷി കുറയുകയും ചെയ്തു. ജലലഭ്യതക്കുറവ് മൂലം ഒന്നാംവിളയിറക്കാത്ത ഭൂരിഭാഗം കർഷകരുടെയും പ്രധാന ആശ്രയം രണ്ടാംവിളയാണ്.
കാട്ടുപന്നിശല്യവും ഒന്നാംവിളയെ സാരമായി ബാധിച്ചിരുന്നു. ഈ നഷ്ടമെല്ലാം രണ്ടാംവിളയിൽ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് കർഷകർ രണ്ടാംവിളയ്ക്ക് പ്രാധാന്യം നൽകുന്നത്.