അവകാശസംരക്ഷണയാത്രയ്ക്ക് വടക്കഞ്ചേരിയിൽ സ്വീകരണം
1600597
Saturday, October 18, 2025 1:24 AM IST
വടക്കഞ്ചേരി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശസംരക്ഷണയാത്രയ്ക്ക് ജില്ലയുടെ സമാപനകേന്ദ്രമായ വടക്കഞ്ചേരിയിൽ ഉജ്വലസ്വീകരണം. മേഖലയിലെ വിവിധ യൂണിറ്റുകളിൽനിന്നായി സ്ത്രീകൾ ഉൾപ്പെടെ നിരവധി പ്രവർത്തകർ സ്വീകരണ പരിപാടികളിൽ പങ്കെടുത്തു. മന്ദത്തുനടന്ന സ്വീകരണസമ്മേളനം മംഗലംഡാം സെന്റ് സേവിയേഴ്സ് ഫൊറോന വികാരി ഫാ. സുമേഷ് നാൽപതാംകളം ഉദ്ഘാടനം ചെയ്തു.
സർക്കാരുകൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ ജനങ്ങളെ സമരത്തിനു തള്ളിവിട്ട് ഉത്പാദന സമയം പാഴാക്കുന്ന തലതിരിഞ്ഞ ഭരണസംവിധാനമാണ് നാട്ടിൽ നിലനിൽക്കുന്നതെന്ന് ഫാ. സുമേഷ് നാൽപതാംകളം പറഞ്ഞു. ജനങ്ങൾ പണിപ്പെട്ടു ഉണ്ടാക്കുന്ന രേഖകളിൽ ഒപ്പിടുന്ന ഉദ്യോഗസ്ഥർക്ക് ശമ്പളവും ജനത്തിന് ശകാരവുമാണ് ഇപ്പോൾ ലഭിക്കുന്നത്. വനാതിർത്തികളിൽ കൃഷിചെയ്ത് അതിൽ നിന്നുള്ള വരുമാനം കൊണ്ട് വനംവകുപ്പ് ജീവനക്കാർക്ക് ശമ്പളം കണ്ടെത്തുന്ന സംവിധാനം ഉണ്ടായാൽ പിന്നെ വന്യമൃഗശല്യം നാട്ടിലുണ്ടാകില്ല.
കാട്ടുമൃഗങ്ങളെയെല്ലാം നാട്ടിലിറക്കി കർഷകരെ ഓടിക്കാനുള്ള തന്ത്രങ്ങളാണ് കൈയിലെങ്കിൽ ആ കടലാസ് പല ആവർത്തി മടക്കി പോക്കറ്റിൽ വച്ചാൽ മതിയെന്ന് ഫാ.സുമേഷ് നാൽപതാംകളം രാഷ്ട്രീയ നേതൃത്വങ്ങളെ ഓർമിപ്പിച്ചു. രൂപത വൈസ് പ്രസിഡന്റ് ജോസ് വടക്കേക്കര അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ, ഗ്ലോബൽ സെക്രട്ടറിമാരായ പ്രഫ.ജോസുകുട്ടി ഒഴുകയിൽ, ഡെന്നി തെങ്ങുംപിള്ളി, രൂപത പ്രസിഡന്റ് അഡ്വ.ബോബി ബാസ്റ്റിൻ, ഫാ. സജി വട്ടുകളത്തിൽ, ഫാ. റെജി പെരുമ്പിള്ളിൽ, രൂപത ജനറൽ സെക്രട്ടറി ആന്റണി കുറ്റിക്കാടൻ, രൂപത മുൻ പ്രസിഡന്റ് തോമസ് ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, ബെന്നി ആന്റണി, ജിനി ജോസഫ്, ജിജോ അറയ്ക്കൽ, വിൽസൺ കൊള്ളന്നൂർ, ബെന്നി മറ്റപ്പള്ളിൽ, ദീപ ബൈജു, ടെന്നി തുറുവേലിൽ തുടങ്ങിയവർ പ്രസംഗിച്ചു.