കുട്ടനാട്ടിൽ വേലിയേറ്റവും മടവീഴ്ചയും തുടരുന്നു
1487204
Sunday, December 15, 2024 4:43 AM IST
മങ്കൊമ്പ്: വേലിയേറ്റം അതിശക്തമായി തുടരുന്നതോടൊപ്പം കുട്ടനാട്ടിൽ മടവീഴ്ചയും കൃഷിനാശവും തുടർക്കഥയാകുന്നു. ചമ്പക്കുളം, എടത്വ കൃഷിഭവനുകളുടെ പരിധിയിൽവരുന്ന കണ്ടങ്കരി ഇടക്കറുക നാലുനാൽപത് പാടശേഖരത്തിലാണ് മടവീഴ്ചയുണ്ടായത്.
പാടശേഖരത്തിന്റെ വടക്കേ പുറംബണ്ടിൽ ഇന്നലെ പുലർച്ച മൂന്നോടെയാണ് മടവീഴ്ചയുണ്ടായത്. മടവീഴ്ചയെത്തുടർന്ന് 15 മീറ്ററോളം പുറംബണ്ട് ഒലിച്ചുപോയി. നേരം പുലർന്നതിനുശേഷമാണ് മടവീഴ്ചയുണ്ടായ വിവരം കർഷകർ മനസിലാക്കുന്നത്. ഇതുമൂലം പാടത്തുവെള്ളം നിറഞ്ഞു നെൽച്ചെടികൾ മുങ്ങിയ നിലയിലാണ്. തുടർന്ന് പാടശേഖരസമിതിയുടെ നേതൃത്വത്തിൽ രാത്രി വൈകിയും മടകുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ജെസിബി ഉപയോഗിച്ചു തെങ്ങിൻ കുറ്റികൾ താഴ്ത്തി, ഗ്രാവൽ നിറച്ച ചാക്കുകൾ അടുക്കിയുമാണ് മടകുത്താനുള്ള ശ്രമങ്ങൾ തുടരുന്നത്. 425 ഏക്കറോളം വിസ്തൃതിയുള്ള പാടശേഖരത്തിൽ 218 ഓളം കർഷകരാണുള്ളത്. ഇവരിൽ ഭൂരിഭാഗവും സാധാരണക്കാരായ കർഷകരാണുള്ളത്. കർഷകത്തൊളിലാളികളും ഇതിൽപ്പെടുന്നു. വിത കഴിഞ്ഞ നാൽപതു ദിവസം പ്രായമായ നെൽച്ചെടികളാണു ഇപ്പോൾ വെള്ളത്തിലായിരിക്കുന്നത്.
മിക്ക കർഷകരും കൃഷിച്ചെ ലവിന്റെ നല്ലൊരു ശതമാനവും മുടക്കിക്കഴിഞ്ഞു. ഒന്നാംവളമിടീൽ എല്ലാവരും പൂർത്തിയാക്കി. പല കർഷകരും രണ്ടാം വളപ്രയോഗവും നടത്തിക്കഴിഞ്ഞു. ഇതിനു പുറമേയാണ് മടവീഴ്ചയുണ്ടായത്. ഇതുമൂലം വീണ്ടും ഭാരിച്ച ചെലവുകളാണ് കർഷകർക്കുണ്ടായിരിക്കുന്നത്.
കർഷകരടക്കം ഇരുനൂറോളം ആളുകളാണ് മടതടയൽ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്. മടകുത്തൽ ജോലികൾ പൂർത്തിയാക്കണമെങ്കിൽ 12 ലക്ഷം രൂപ ചെലവാകുമെന്നാണ് പാടശേഖരസമിതി പറയുന്നത്.
നിലവിൽ കടബാധ്യതകളിൽ മുങ്ങി നിൽക്കുന്ന കർഷകർക്ക് ഇത് അധികബാധ്യതയാകും. മടകുത്തലിനുള്ള ധനസഹായം സർക്കാർ അടിയന്തരമായി ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
അടിയന്തര നഷ്ടപരിഹാരം നൽകണം: എംപി
മങ്കൊമ്പ്: കുട്ടനാട്ടിലെ മടവീഴ്ചമൂലം കർഷകർ അനുഭവിക്കുന്ന വൻ സാമ്പത്തിക നഷ്ടത്തിനു സംസ്ഥാന സർക്കാർ അടിയന്തരമായി പരിഹാരം കാണണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. ചമ്പക്കുളം പഞ്ചായത്തിലെ കണ്ടങ്കരി ഇടക്കറുക നാലുനാൽപ്പത് പാടശേഖരത്തിലാണ് ഏറ്റവുമൊടുവിൽ മടവീഴ്ചയുണ്ടായത്.
425 ഏക്കർ വ്യാപിച്ചുകിടക്കുന്ന പാടശേഖരം എട്ടു കിലോമീറ്റർ ചുറ്റളവിലാണ്. കല്ലുകെട്ടിയ പ്രദേശത്ത് മടവീണതോടെ 35 മുതൽ 40 ദിവസം വരെ പ്രായമായ നെൽച്ചെടികൾ പൂർണമായി നശിച്ചു. രാമങ്കരി പഞ്ചായത്തിലെ പറക്കുടി പാടശേഖരത്തിൽ രണ്ടാഴ്ച മുൻപ് മട വീണതോടെ 25 ഏക്കറിലെ കൃഷി നശിച്ചിരുന്നു. 12 ദിവസം പ്രായമായ വിത്തുതൈകളാണ് മടവീഴ്ചയിൽ ബാധിച്ചത്.
തീവ്രമായ നാശനഷ്ടങ്ങൾ സംഭവിച്ച ഈ മേഖലകളിലെ കർഷകർ സർക്കാരിന്റെ അടിയന്തര ഇടപെടലിനായി കാത്തിരിക്കുകയാണ്. കുട്ടനാട്ടിലെ കർഷകരുടെ വരുമാനം നിലനിർത്തുന്നതിനും അവരുടെ ജീവിക്കാനുള്ള ഉറപ്പുകൾ സംരക്ഷിക്കുന്നതിനും വേഗത്തിൽ പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട എംപി ത്വരിത നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു.