പൂച്ചാക്കല്‍ ഷാഹുല്‍ ശതാഭിഷേക നിറവിൽ
1600578
Saturday, October 18, 2025 12:02 AM IST
പൂച്ചാക്കല്‍: മുതിര്‍ന്ന നാടക ഗാനരചയിതാവ് പൂച്ചാക്കല്‍ ഷാഹുല്‍ ശതാഭിഷേക നിറവിൽ. മുന്നൂറിലേറെ നാടകങ്ങള്‍ക്കായി 1500ൽ അധികം ഗാനങ്ങള്‍ രചിച്ച അദേഹം നാലു സിനിമകള്‍ക്കു വേണ്ടിയും പാട്ടെഴുതി. എം.എസ്. ബാബുരാജ്, എം.കെ. അര്ജുനന്, ദക്ഷിണാമൂര്‍ത്തി, ആര്.കെ. ശേഖര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങും ശിഷ്യരുടെയും സഹപ്രവര്‍ത്തകരുടെയും സംഗമവും ഇന്നും നാളെയുമായി നടക്കും.
1957ല്‍ പൂച്ചാക്കല്‍ യംഗ് മെന്‍സ് വായനശാലയിലെ കിരണം മാസികയിലൂടെ സാഹിത്യരംഗത്തു പ്രവേശിച്ചു. 1972ല്‍ അഴിമുഖം എന്ന ചലച്ചിത്രത്തിനുവേണ്ടി ബാബുരാജിന്റെ സംഗീത സംവിധാനത്തില്‍ ഗാനരചന നിര്‍വഹിച്ചു ചലച്ചിത്രരംഗത്തു പ്രവേശിച്ചു. അധ്യാപന ജോലി ഉപേക്ഷിച്ച് മദ്രാസില്‍ താമസിച്ചു ഗാനരചന നിര്‍വഹിക്കാനുള്ള വൈമുഖ്യം മൂലമാണ് സിനിമാരംഗത്ത് കൂടുതൽ അവസരങ്ങൾ ഇല്ലാതെ പോയത്.
നാടകഗാന രചനയ്ക്കു കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ഗുരുപൂജ അവാര്‍ഡ്, കൃഷ്ണാ അവാര്‍ഡ്, ജേസി ഫൗണ്ടേഷന് അവാര്‍ഡ്, ബാബുരാജ് അനുസ്മരണ സമിതി പുരസ്കാരം, നാടക പ്രതിഭാ പുരസ്കാരം, ഇന്‍സ വഞ്ചിപ്പാട്ട് അവാര്‍ഡ്, ഇടക്കൊച്ചി പ്രഭാകരന് സ്മാരക അവാര്‍ഡ്, ചേര്‍ത്തല പൗരാവലിയുടെ സര്ഗസ്ത്രീ അവാര്‍ഡ്, ഡോക്ടര്‍ പല്‍പ്പു സാഹിത്യ പുരസ്കാരം എന്നിങ്ങനെ അനവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഗുരുപൂർണിമ ഇന്ന്
ഇന്ന് പാണാവള്ളിയിലെ അദേഹത്തിന്റെ വീട്ടില്‍ 2.30 മുതല്‍ ഗുരുപൂര്‍ണിമ എന്ന പേരില്‍ ശിഷ്യരുടെയും സഹപ്രവര്‍ത്തകരുടെയും സംഗമം മട്ടാഞ്ചേരി ടിഡിബിറ്റിഎസില് ഷാഹുലിന്റെ അധ്യാപകനായിരുന്ന വി. മുരളീധര മേനോന് ഉദ്ഘാടനം ചെയ്യും.
നാളെ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 9.30 മുതല്‍ നാടക പ്രവര്‍ത്തക സംഗമം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. പൂച്ചാക്കല്‍ ഷാഹുല്‍ ഫൗണ്ടേഷന് ഉദ്ഘാടനം മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള നിര്‍വഹിക്കും. മൂന്നിന് പൗരാവലിയുടെ ഉപഹാരം മന്ത്രി വി.എന്‍. വാസവന് സമര്‍പ്പിക്കും.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ പൂച്ചാക്കല്‍ കെ. അബു ഹനീഫയുടേയും കെ.എം. ആത്തിക്കബീവിയുടേയും മകനായി 1941 ഒക്ടോബറില്‍ ജനനം. പി.എ. മറിയം ബീവിയാണ് ഭാര്യ. മക്കള്‍: റസല്‍ ഷാഹുല്‍ (സീനിയര്‍ ഫോട്ടോഗ്രഫര്‍ മനോരമ), റാഫി ഷാഹുല്‍ (ഹൈക്കോടതി) മരുമക്കള്‍: ഷിജി, സറീന.