സ്നേഹതീരത്തിലെ അന്തേവാസി മരിച്ചു
1600008
Wednesday, October 15, 2025 11:27 PM IST
മങ്കൊമ്പ്: കിടങ്ങറയിൽ വെളിയനാട് പഞ്ചായത്ത് ഒമ്പതാം വാർഡിൽ സ്ഥിതിചെയ്യുന്ന പോപ്പ് ജോൺ 23 റിഹാബിലിറ്റേഷൻ സെന്റർ ട്രസ്റ്റിന്റെ സ്നേഹതീരം സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിലെ അന്തേവാസിയായിരുന്ന വിജയമ്മ (57) അന്തരിച്ചു.
ഇവർ മാനസിക ആരോഗ്യ ചികിത്സയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 11 വർഷമായി സ്ഥാപനത്തിൽ അന്തേവാസിയായി കഴിയുകയായിരുന്നു. അന്നനാളത്തിൽ കാൻസർ ബാധയെത്തുടർന്ന് കഴിഞ്ഞ ഒൻപതു മാസങ്ങളായി ചികിത്സയിലായിരുന്നു.
രോഗം വഷളായതിനെത്തുടർന്ന് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 13നു പുലർച്ചെ 5.30 ഓടെ മരിക്കുകയായിരുന്നു.
വിജയമ്മയുടെ കുടുംബാംഗങ്ങളുടെ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ബന്ധുക്കളോ അടുത്തറിയാവുന്നവരോ ഉണ്ടെങ്കിൽ മൂന്നു ദിവസത്തിനുള്ളിൽ പോപ്പ് ജോൺ. 23 സൈക്കോ സോഷ്യൽ റിഹാബിലിറ്റേഷൻ സെന്റർ, സ്നേഹതീരം കിടങ്ങറ, ആലപ്പുഴ. 686107 എന്ന വിലാസത്തിൽ സ്ഥാപനവുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 75111 33810.