പുളിങ്കുന്ന് സെന്റ് തെരേസാസ് കുരിശുപള്ളിയുടെ കൂദാശ നാളെ
1599463
Monday, October 13, 2025 11:40 PM IST
പുളിങ്കുന്ന്: സെന്റ് തെരേസാസ് കുരിശുപള്ളിയുടെ കൂദാശ നാളെ 2.30ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിക്കും. 1902 ല്‍ വിശുദ്ധ അമ്മത്രേസ്യായുടെ നാമത്തില്‍ നിര്‍മിച്ച പുരാതന ദേവാലയത്തിന്റെ സ്ഥാനത്ത് പുനര്‍നിര്‍മിച്ച ദേവാലയമാണ് കൂദാശ ചെയ്യുന്നത്. അതിരൂപത വൈസ് ചാന്‍സിലര്‍ റവ.ഡോ. ജോര്‍ജ് പുതുമനമൂഴിയില്‍, പുളിങ്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് സിഎംഐ ആശ്രമ പ്രിയോര്‍ ഫാ. ജോസ് കോനാട്ട് സിഎംഐ എന്നിവര്‍ സഹകാര്‍മികരായിരിക്കും.
തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ വികാരി റവ.ഡോ. ടോം പുത്തന്‍കളം അധ്യക്ഷത വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. ചട ങ്ങിൽ വിശിഷ്ടവ്യക്തികളെ ആദരിക്കും. തുടര്‍ന്ന് 4.30നു വിശുദ്ധ കുര്‍ബാന, ഇടവകയില്‍ ശുശ്രൂഷ ചെയ്ത മുന്‍ വൈദികരുടെയും ഇടവകാംഗങ്ങളായ വൈദികരുടെയും കാര്‍മികത്വത്തില്‍ നടത്തും.
കുരിശുപള്ളിയുടെ ചരിത്രം
തൊഴില്‍ അന്വേഷിച്ചും കാര്‍ഷിക സാധ്യതകള്‍ തിരഞ്ഞും ഈ പ്രദേശത്തുവന്ന് താമസിച്ചവര്‍ ഏറെപ്പേര്‍ ആറ്റില്‍നിന്നും കായലുകളില്‍നിന്നും കക്കാ ശേഖരിച്ച് നീറ്റി കുമ്മായമാക്കി മാറ്റി ഉപജീവനമാര്‍ഗം കണ്ടെത്തിയതായും ആ ജീവിതവൃത്തിയിലേക്ക് പിന്നീട് അനേകം പേര് കടന്നുവന്നതുമായ വായ്മൊഴി ചരിത്രം ഇന്ന് മുതിര്‍ന്ന ആളുകളുടെ നാവിന്തുമ്പില് നിറഞ്ഞുനിൽക്കുന്നു. കക്കാ കഴുകുക, ചൂളവണ്ടി കറക്കുക, വിറകു കീറുക തുടങ്ങി അനവധി ജോലികള്‍ ചെയ്ത് ജീവിച്ചിരുന്ന ഈ ഭാഗത്തുള്ളവരെ ചൂളക്കോട് വാസികള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.
ഇവര്‍ക്ക് ഒരു പ്രാര്‍ഥനാലയം വേണമെന്ന ആഗ്രഹം സുമനസുകളുടെ ഔദാര്യത്തിലൂടെ പന്പയാറ്റിൻ തീരത്ത് ആദ്യം ഒരു വണക്കമാസപ്പുരയായിത്തീര്ന്നു. പനമ്പും ഓലയും ചൂളക്കുമ്മായവുമൊക്കെ ചേര്‍ത്ത് ചൂളക്കോട്ടുകാര് പരിശുദ്ധ ദൈവമാതാവിന്റെ പേരില്‍ ഒരു കുഞ്ഞുപ്രാര്ഥനാലയം തീര്‍ത്തു.
1902ല്‍ ചങ്ങനാശേരി വികാരിയത്തിന്റെ വികാരി അപ്പസ്തോലിക്കയായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ മാര്‍ മാത്യു മാക്കില്‍ പിതാവിന്റെ കാലത്താണ് വിശുദ്ധ അമ്മത്രേസ്യായുടെ പ്രതിഷ്ഠയോടുകൂടിയ ആദ്യ ദേവാലയം നിര്‍മിക്കപ്പെടുന്നത്.
എന്തുകൊണ്ട് അമ്മത്രേസ്യായുടെ പേരില്‍ പള്ളി അറിയപ്പെട്ടു എന്നതിന് പഴമക്കാര്‍ നല്കുന്ന വ്യാഖ്യാനം മറ്റൊന്നാണ്. കാവാലം പള്ളിയിലെ വിശുദ്ധ അമ്മത്രേസ്യായുടെ മാധ്യസ്ഥശക്തിയുടെ കീര്‍ത്തി സമീപ പ്രദേശങ്ങളിലും ശക്തമായി വ്യാപിച്ചതും വിശുദ്ധയുടെ നാമത്തില്‍ ഒരു ഭക്തസമൂഹം രൂപപ്പെട്ടതുമാണ് ഇതിനു കാരണമായി കണക്കാക്കുന്നത്. ആവിലായിലെ ഈ വിശുദ്ധയുടെ മൂന്ന് ആത്മീയ ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂന്നു രൂപങ്ങളാണ് പള്ളിയില്‍ കാലാകാലങ്ങളായി സൂക്ഷിച്ചു പോരുന്നത്.