വേമ്പനാട്ടുകായലിൽ അനധികൃത മല്ലികക്ക വാരൽ വ്യാപകം
1599212
Sunday, October 12, 2025 11:40 PM IST
പൂച്ചാക്കല്‍: വേമ്പനാട്ടുകായലില്‍ കക്കയുടെ ലഭ്യത കുറഞ്ഞതിനാല്‍ തൊഴിലാളികള്‍ ആശങ്കയില്‍. വേമ്പനാട്ട് കായലില്‍ അനധികൃതമായി മല്ലികക്ക (ചെറിയ കക്ക) വാരുന്നതുമൂലം കക്കയുടെ ലഭ്യത കുറയുന്നതാണ് ആശങ്കയ്ക്കു കാരണം.
ഇതുമൂലം സര്‍ക്കാരിനും നികുതി ഇനത്തില്‍ ലഭിക്കേണ്ട വന്‍തുക ഇല്ലാതാക്കുന്നു. മല്ലികക്ക വാരുന്നതിന്റെ പിന്നില്‍ വൻ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കെതിരേ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.
അരൂക്കുറ്റി, അരയന് കാവ്, തണ്ണീര്‍മുക്കം ഭാഗങ്ങളിലാണ് കൂടുതലായും മല്ലികക്ക അനധികൃതമായി വാരുന്നതെന്ന് കക്കാ തൊഴിലാളികള്‍ പറയുന്നത്. കായലില്‍ ഓര് കയറുന്ന ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് കക്കയുടെ പ്രജനനം നടക്കുന്നത്.
പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ വാരിയെടുത്താല്‍ കക്ക തൊണ്ട് വിറ്റും കക്ക ഇറച്ചിയുടെ വില്പനയിലൂടെയും തൊഴിലാളികള്‍ക്ക് മികച്ച ഉപജീവനമാര്‍ഗമാണ് ലഭിക്കുന്നത്. എന്നാല്‍, താത്കാലിക നേട്ടം മുന്‍നിര്‍ത്തിയാണ് നാലിലൊന്നു വളര്‍ച്ച പോലുമെത്താത്ത മല്ലികക്ക വാരിവില്‍ക്കാന്‍ ചിലര്‍ തയാറാവുന്നത്.
ഓരു ശക്തമാകുമ്പോഴാണ് കക്ക വ്യാപകമായി കായലില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. മല്ലികക്ക വാരുന്നതു കര്‍ശനമായി അധികൃതര്‍ നിരോധിച്ചിട്ടുള്ളതാണെങ്കിലും അനധികൃതമായി കക്കവാരല്‍ വേമ്പനാട്ടു കായലിന്റെ പല ഭാഗത്തും തുടരുകയാണ്.
രാത്രികാലങ്ങളിലാണ് ഇത്തരക്കാര്‍ കക്കവാരുന്നത്. വലിയ വള്ളത്തില്‍ 15 ടണ്‍ മല്ലികക്കവരെ ശേഖരിച്ചാണ് വില്‍ക്കുന്നത്. ഇത്തരം അനധികൃത വില്‍പ്പനയിലൂടെ സര്‍ക്കാരിന് ലക്ഷക്കണക്കിന് രൂപയാണ് റോയല്‍റ്റിയായും ടാക്സായും നഷ്ടപ്പെടുന്നത്.
കക്കാവ്യവസായ സംഘങ്ങള്‍ ഒരു ടണ്ണിന് റോയല്‍റ്റി, സെയില്‍ടാക്സ് എന്നിങ്ങനെ 450 രൂപ പ്രകാരം സര്‍ക്കാരിലേക്ക് അടച്ചാണ് കക്ക വില്‍പ്പന നടത്തുന്നത്. അനധികൃതമായി മല്ലികക്ക ശേഖരിച്ച് വില്‍ക്കുന്നതിലൂടെ സംഘങ്ങളിലെ കക്ക കെട്ടി കിടക്കുകയാണ്.
കക്കാ സംഘങ്ങളും പഞ്ചായത്തുകളും മല്ലിക്കക്ക നിക്ഷേപിച്ച് കക്കയുടെ ലഭ്യത ഉറപ്പാക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ച് പരമ്പരാകത കക്കാവാരല്‍ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.