ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ: മുഴുവൻ സമയം പോലീസ് വേണം
1598960
Saturday, October 11, 2025 11:10 PM IST
ചെങ്ങന്നൂർ: ശബരിമല സീസണിൽ തീർഥാടകർക്കായി തുറക്കുന്ന ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ പോലീസ് എയ്ഡ് പോസ്റ്റും പ്രീപെയ്ഡ് ഓട്ടോ-ടാക്സി കൗണ്ടറും വർഷം മുഴുവനും
24 മണിക്കൂറും പ്രവർത്തന സജ്ജമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ശബരിമല സീസൺ അവസാനിക്കുന്നതോടെ ഈ ക്രമീകരണങ്ങൾ നിലയ്ക്കുന്നതാണ് പതിവ്. ഇത് സീസൺ കഴിഞ്ഞും പ്രവർത്തിച്ചാൽ സ്റ്റേഷനിലെത്തുന്ന നൂറു കണക്കിനു യാത്രക്കാർക്ക് അതു പ്രയോജനം ചെയ്യുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
വാഹനങ്ങൾ കിട്ടുന്നില്ല
സീസൺ അല്ലാത്ത സമയങ്ങളിൽ ട്രെയിനിൽ വന്നിറങ്ങുന്ന യാത്രക്കാർ നേരിടുന്ന പ്രധാന വെല്ലുവിളി ഓട്ടോ-ടാക്സി ഡ്രൈവർമാരുടെ സഹകരണമില്ലായ്മയാണ്. പ്രത്യേകിച്ചും സ്റ്റേഷനിൽ നിന്ന് അടുത്തുള്ള സ്ഥലങ്ങളിലേക്കു പോകുന്നതിന് ഓട്ടം വിളിച്ചാൽ പലരും വരാറില്ലെന്നാണ് പരാതി. ശബരിമല സീസണിൽ സുഗമമായി പ്രവർത്തിക്കുന്ന പ്രീ പെയ്ഡ് കൗണ്ടർ സീസൺ കഴിഞ്ഞാൽ പ്രവർത്തിക്കാറില്ല. ഇതിനു മാറ്റം വരണം. ശബരിമല സീസണിൽ നൽകുന്ന സുരക്ഷാ-യാത്രാ സൗകര്യങ്ങൾ എല്ലാ ദിവസവും ലഭ്യമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.