പട്ടയത്തിനുള്ള വരുമാനപരിധി രണ്ടരലക്ഷം ആക്കും: മന്ത്രി കെ. രാജൻ
1599202
Sunday, October 12, 2025 11:40 PM IST
അമ്പലപ്പുഴ: പട്ടയത്തിനുള്ള വരുമാനപരിധി രണ്ടരലക്ഷം ആക്കി ഉയര്‍ത്തുമെന്ന് റവന്യു മന്ത്രി കെ. രാജന്. ഭട്ടതിരി പുരയിടവുമായി ബന്ധപ്പെട്ട നഗരസഭ മുന്നോട്ടുവച്ച പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിന് നാളെ ഉച്ചയ്ക്ക് 12ന് ഓണ്‍ലൈനായി ഉന്നതതലയോഗം ചേരും.
ആലപ്പുഴ മുനിസിപ്പല്‍ തൊഴിലാളികളുടെ പട്ടയപ്രശ്നത്തിനും പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു. അമ്പലപ്പുഴ മണ്ഡലം വികസന മഹോത്സവത്തിന്റെയും പട്ടയ വിതരണത്തിന്റെ യും ഉദ്ഘാടനവും ആലപ്പുഴ പടിഞ്ഞാറ് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനവും വലിയകുളം ജംഗ്ഷനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
അമ്പലപ്പുഴ മണ്ഡലത്തോടൊപ്പം കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും വികസന കൊടുങ്കാറ്റ് വീശിയതായി മന്ത്രി കെ.രാജന് പറഞ്ഞു. വരുന്ന നവംബര്‍ ഒന്നിന് കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമെന്ന ചരിത്ര നേട്ടത്തിലേക്ക് കടക്കുകയാണ്. ഭൂരഹിതര്‍ ഇല്ലാത്ത കേരളം എന്ന നയത്തിന്റെ ഭാഗമായി 4,09,998 പട്ടയങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എച്ച്. സലാം എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 1809 കോടി രൂപയുടെ വികസനമാണ് അമ്പലപ്പുഴ മണ്ഡലത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് എച്ച്. സലാം എംഎല്‍എ പറഞ്ഞു. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ. ജയമ്മ, വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എ.എസ്. കവിത, എം.ആര്. പ്രേം, വാര്‍ഡ് കൗണ്‍സിലര്‍മാരായ ഇല്ലിക്കല്‍ കുഞ്ഞുമോന്, സിമി ഷാഫി ഖാന്, പ്രഭാ ശശികുമാര്‍, എഡിഎം ആശ ഏബ്രഹാം, അജയ് സുധീന്ദ്രന്‍, ആര്. സുരേഷ്, നസീര്‍ സലാം, ജമാല്‍ പള്ളാത്തുരുത്തി, എ.എം. നൗഫല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.