ദേശീയപാതയിലെ ആദ്യത്തെ നടപ്പാലം പൂർത്തീകരണത്തിലേക്ക്
1598951
Saturday, October 11, 2025 11:10 PM IST
തുറവൂർ: ദേശീയപാതയിലെ ആദ്യത്തെ നടപ്പാല നിർമാണം പൂർത്തീകരണത്തിലേക്ക്. പട്ടണക്കാട് മിൽമ ഫാക്ടറിക്കു മുമ്പിലെ നടപ്പാലമാണ് ഉയർന്നത്. 45 മീറ്റർ നീളത്തിലും രണ്ടു മീറ്റർ വീതിയിലും ആണ് മേൽ നടപ്പാലങ്ങൾ നിർമിക്കുന്നത്. 18 നടപ്പാലങ്ങളാണ് ഇത്തരത്തിൽ നിർമിക്കുന്നത്. മുഖ്യമായും സ്കൂളുകളുടെയും ദേവാലയങ്ങളുടെയും മറ്റു തിരക്കേറിയ സ്ഥലങ്ങളിലുമാണ് ഇത്തരത്തിൽ മേൽപ്പാലം നിർമിക്കുന്നത്.
പൊന്നാംവെളിയിലും പുത്തൻചന്തയിലും മേൽ നടപ്പാലം നിർമിക്കാൻ നീക്കമുണ്ടായെങ്കിലും ഇവിടങ്ങളിൽ അടിപ്പാത നിർമിക്കണമെന്ന ജനകീയ ആവശ്യത്തെത്തുടർന്ന് നിർമാണം നിർത്തിവച്ചിരിക്കുകയാണ്. പൊന്നാംവെളിയിൽ അടിപ്പാത നിർമിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവും നിലനിൽക്കുന്നു. തിരക്കുള്ള സ്ഥലങ്ങളിലും സ്കൂൾ, ദേവാലയപരിസരങ്ങളിലും ഇത്തരം നടപ്പാലം നിർമിക്കുന്നത് ഇവിടുത്തെ ജനങ്ങൾക്കും സ്കൂൾകുട്ടികൾക്കും വളരെ ഉപകാരപ്രദമാണ്.