ഇന്ന് പള്‍സ് പോളിയോ ദിനം: കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ വാക്സിന് നൽകും
1598949
Saturday, October 11, 2025 11:10 PM IST
ആലപ്പുഴ: നാഷണല്‍ ഇമ്യൂണൈസേഷന് ഡേയുടെ ഭാഗമായി ജില്ലയിലെ അഞ്ചു വയസിനു താഴെ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഇന്ന് പോളിയോ പ്രതിരോധ വാക്സിന് നൽകും. പോളിയോ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ എട്ടിന് മാവേലിക്കര ചുനക്കര സാമൂഹ്യകേന്ദ്രത്തില് എം.എസ്. അരുണ്‍കുമാര്‍ എംഎൽഎ നിർവഹിക്കും.
പോളിയോ വാക്സിന് നല്‍കുന്നതിനായി ജില്ലയില്‍ 109423 കുട്ടികളുണ്ട്. തുള്ളിമരുന്ന് വിതരണത്തിനായി 1430 ബൂത്തുകള്‍ ജില്ലയില്‍ സജ്ജമാണ്. എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട അങ്കണവാടികള്‍, വായനശാല, ക്ലബ്ബ്, റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ്, ബോട്ട് ജെട്ടി എന്നിവിടങ്ങകളിലും ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നതാണ് .
ആശുപത്രികളിലും അങ്കണവാടികളിലും രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെ തുള്ളിമരുന്ന് ലഭ്യമാണ്. റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റേഷന് തുടങ്ങിയയിടങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള ട്രാന്‍സിറ്റ് ബൂത്തുകളില്‍ രാത്രി എട്ടു വരെയും നല്‍കുന്നതാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായുള്ള ഇടങ്ങള്‍, എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്ക് മൊബൈല്‍ യൂണിറ്റുകളും സേവനം നടത്തുന്നുണ്ട്.
ജില്ലയില്‍ 16 മൊബൈല്‍ യൂണിറ്റുകളുടെ സേവനം സജ്ജീകരിച്ചിട്ടുണ്ട്. അഞ്ചു വയസിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് തൊട്ടടുത്തുള്ള ബൂത്തിലെത്തി ഉറപ്പായും പ്രതിരോധ തുള്ളിമരുന്ന് നല്‍കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു . പോളിയോയ്ക്കു മേലുള്ള വിജയം ഉറപ്പാക്കുക. ഏതെങ്കിലും കാരണത്താല്‍ അന്നേ ദിവസം തുള്ളിമരുന്ന് നല്‍കാത്ത കുട്ടികള്‍ക്ക് ഒക്ടോബര്‍ 13, 14 (മോപ്പ് അപ്പ് ദിനങ്ങളില്‍) പ്രതിരോധ വാക്സിന് ലഭ്യമാക്കുന്നതാണ്.