ആലപ്പുഴ നഗരസഭാ കേരളോത്സവം 24ന്
1598950
Saturday, October 11, 2025 11:10 PM IST
ആലപ്പുഴ: ഈ വര്‍ഷത്തെ ആലപ്പുഴ നഗരസഭാ കേരളോത്സവം 24, 25, 26 തീയതികളിൽ സംഘടിപ്പിക്കും. കേരളോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം കൗണ്‍സിൽ ഹാളിൽ നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്മാന് പിഎസ്എം ഹുസൈൻ അധ്യക്ഷത വഹിച്ചു.
സംഘാടകസമിതി രക്ഷാധികാരികളായി കെ.സി. വേണുഗോപാൽ എംപി, എംഎൽഎ മാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, ചെയർപേഴ്സണായി അധ്യക്ഷ കെ.കെ. ജയമ്മ, വൈസ് ചെയർ പേഴ്സണായി നഗരസഭാ വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, വർക്കിംഗ് കമ്മിറ്റി ചെയർപേഴ്സണായി ആർ. വിനിത എന്നിവരെ തെരഞ്ഞെടുത്തു. ഷിബു നാലപ്പാട്ടാണ് ജനറൽ കൺവീനര്‍. നഗരസഭയിലെ 52 കൗണ്‍സിലര്‍മാരെയും കലാ-കായിക, യുവജന സംഘടന നേതൃത്വത്തെയും ഉള്‍പ്പെടുത്തി 14 സബ് കമ്മറ്റികളും എക്സിക്യൂട്ടീവ് കമ്മറ്റിയും രൂപീകരിച്ചു.
നഗരസഭാ പരിധിയിലെ 15നും 40നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. മത്സരാര്‍ഥികള്‍ക്ക് വ്യക്തിപരമായും ക്ലബ്ബുകളുടെ പേരിലും മത്സരിക്കാം. 13 മുതൽ 18 വരെ രാവിലെ 10.30 മുതൽ വൈകുന്നേരം അഞ്ചു വരെ നഗരസഭയിലെത്തി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
യോഗത്തില്‍ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ എം.ആർ. പ്രേം, നസീർ പുന്നക്കൽ, എ.എസ്. കവിത, ആർ. വിനിത, എം.ജി. സതീദേവി നഗരസഭാ മുൻ അധ്യക്ഷ സൗമ്യരാജ്, കൗണ്‍സിലര്‍മാര്‍, യുവജന ക്ഷേമ ബോര്‍ഡ് അംഗം ജാക്സൺ പീറ്റർ, കായിക, സംഗീത അധ്യാപകര്‍, യൂത്ത് ക്ലബ്ബ് ഭാരവാഹികള്‍, സംസ്കാരിക സംഘടനകൾ, സ്പോർട്സ് ക്ലബ്ബുകൾ, സന്നദ്ധസംഘടനകൾ, യുവജന-രാഷ്ട്രീയ സംഘടനകൾ, കലാകായിക പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.