കർഷകത്തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: മൃതദേഹവുമായി നാട്ടുകാർ കെഎസ്ഇബി ഓഫീസിൽ
1599462
Monday, October 13, 2025 11:40 PM IST
ഹരിപ്പാട്: കെഎസ്ഇബിയുടെ അനാസ്ഥ മൂലം കർഷക തൊഴിലാളിയുടെ ജീവൻ നഷ്ടമായെന്ന് ആരോപിച്ചു നാട്ടുകാർ പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം സ്റ്റേ വയറിൽനിന്നു ഷോക്കേറ്റ് മരിച്ച പള്ളിപ്പാട് പുത്തൻപുരയിൽ സരളയുടെ മരണത്തിന് ഉത്തരവാദി കെഎസ്ഇബി ജീവനക്കാരാണെന്ന് ആരോപിച്ച് മൃതദേഹം പള്ളിപ്പാട് കെഎസ്ഇബി ഓഫീസിന് മുൻപിൽ എത്തിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. രാഷ്ട്രീയ ഭേദമെന്യേ നിരവധി പേർ പങ്കെടുത്തു.
പള്ളിപ്പാട് വടക്കേക്കര കിഴക്ക് പനമുട്ടുകാട് പാടശേഖരത്തിൽ ജോലി ചെയ്തിരുന്ന സരളയും വടക്കേക്കര കിഴക്ക് നേര്യം പറമ്പിൽ വടക്കേതിൽ ശ്രീലതയും കരയിലേക്കു കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാൽ വഴുതി വീഴാതിരിക്കാൻ ശ്രീലത അടുത്തുണ്ടായിരുന്ന വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽ കയറി പിടിക്കുകയായിരുന്നു. പൊട്ടിക്കിടന്ന സ്റ്റേ വയർ ഫ്യൂസ് കാരിയറിൽ തട്ടി നിന്നതിനാൽ ശ്രീലതയ്ക്കു ഷോക്കേറ്റു.
അനാസ്ഥയെന്ന് ആരോപണം
വെള്ളത്തിലേക്ക് തെറിച്ച് വീണ ഇവരെ രക്ഷിക്കാനെത്തിയ സരളയ്ക്കും ഷോക്കേറ്റു. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സരള മരിച്ചു. സ്റ്റേ വയർ പൊട്ടി അപകടകരമായ അവസ്ഥയിലാണെന്നു കാണിച്ചു പള്ളിപ്പാട് കെഎസ്ഇബി ഓഫീസിൽ പലതവണ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ മുഖവിലയ്ക്കെടുക്കാത്തതാണ് ഈ ദുരന്തത്തിനു കാരണമായതെന്നു ജനകീയ സമിതി ആരോപിച്ചു. പരാതികൾ ലഭിച്ചിട്ടും അവ പരിശോധിച്ചു നടപടി കൈകൊള്ളാതിരുന്ന ഉദ്യോഗസ്ഥർക്കെതിരേ മനഃപൂർവമുള്ള നരഹത്യയ്ക്കു കേസെടുത്ത് അന്വേഷണം നടത്തണമെന്നു ജനകീയ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
പള്ളിപ്പാടും സമീപ പ്രദേശങ്ങളിലുമുള്ള പാടശേഖരങ്ങളിൽ വൈദ്യുതി കമ്പികൾ പലേടത്തും അപകടകരമായ രീതിയിലാണ്. ഇത് എത്രയും പെട്ടെന്നു ശരിയാക്കി ജനങ്ങളുടെ ജീവനു സുരക്ഷ ഉറപ്പാക്കാൻ അധികൃതർ തയാറാകണം. അപകടത്തിൽ മരിച്ച സരളയ്ക്കു സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും ജനകീയ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.