കടവുകളിൽ സുരക്ഷ ശക്തമാക്കും
1599473
Monday, October 13, 2025 11:40 PM IST
ചെങ്ങന്നൂര്‍: ശബരിമല മണ്ഡല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാനും ഏകോപിപ്പിക്കാനുമായി മന്ത്രി സജി ചെറിയാന് അവലോകന യോഗം വിളിച്ചുചേര്‍ത്തു. ചെങ്ങന്നൂര്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി ഏകോപിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളതായി യോഗം വിലയിരുത്തി. എങ്കിലും, കഴിഞ്ഞ മണ്ഡലകാലത്ത് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിനു സമീപം പമ്പാ നദിയിലെ പാറക്കടവില്‍ രണ്ട് തീര്‍ഥാടകര്‍ മരിക്കാനിടയായ സാഹചര്യത്തില്‍, അംഗീകൃത കടവുകളില്‍ മാത്രമേ തീര്‍ഥാടകര്‍ കുളിക്കാന്‍ പാടുള്ളൂ എന്ന് ഉറപ്പാക്കാന്‍ ദേവസ്വം, പോലീസ് വകുപ്പുകളെ ചുമതലപ്പെടുത്തി.
പ്രധാന
തീരുമാനങ്ങള്‍
സുരക്ഷാ മുന്‍കരുതലുകള്‍: കടവുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്കൂബ ഡൈവേഴ്സിന്റെ സേവനം അഗ്നി രക്ഷാസേന ഉറപ്പാക്കും.
ഇവര്‍ക്കു താമസ സൗകര്യവും ഭക്ഷണവും സ്ഥലത്തുതന്നെ ക്രമീകരിക്കും. അപകട സൂചനകളും അറിയിപ്പുകളും എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും നല്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ നഗരസഭ, പോലീസ്, ദേവസ്വം അധികൃതര്‍ സംയുക്ത പരിശോധന നടത്തി തീരുമാനിക്കും.
ശുചീകരണം
കെഎസ്ആര്‍ടിസി, റെയില്‍വേ സ്റ്റേഷന് എന്നീ സ്ഥലങ്ങളില്‍ കൃത്യമായ ശുചീകരണം നഗരസഭ ഉറപ്പാക്കണം. കടവുകളില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ഒഴിവാക്കാനായി എല്ലാ ഭാഷയിലും അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. കൂടാതെ, ആറാട്ട് കടവില്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ നീക്കം ചെയ്യുന്നതിന് ഏജന്‍സിയെ നിയമിച്ചു ശുചീകരണത്തിനു പ്രത്യേക സംവിധാനം നഗരസഭയും ദേവസ്വം ബോര്‍ഡും ഒരുക്കും.
വിളക്കുകള്‍
എല്ലാ കടവുകളിലും പ്രധാനപ്പെട്ട പാതയോരങ്ങളിലും മിനി മാക്സ് ലൈറ്റുകള്‍, വഴിവിളക്കുകള്‍ എന്നിവ സ്ഥാപിക്കാൻ കെഎസ്ഇബി, നഗരസഭ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
കെഎസ്ആര്‍ടിസി
സൗകര്യങ്ങള്‍
കെഎസ്ആര്‍ടിസി ചെങ്ങന്നൂര്‍ ഡിപ്പോയില്‍ തീര്‍ഥാടകര്‍ക്കായി സൗകര്യപ്രദമായ സ്ഥലത്തു ഷെഡ് നിര്‍മി ക്കുന്നതിനും വര്‍ക്ക് ഷോപ്പിന്റെ താഴത്തെ നിലയില്‍ വിരിവയ്ക്കാനും വിശ്രമിക്കാനും സൗകര്യമൊരുക്കാന്‍ തീരുമാനിച്ചു. കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിര്‍മാണം അതിവേഗം പൂര്‍ത്തീകരിക്കുന്നതിനു പൊതുമരാമത്ത്, കെഎസ്ആര്‍ടിസി വകുപ്പുകളെ ചുമതലപ്പെുത്തി. ജീവനക്കാര്‍ക്കു താമസിക്കാന്‍ റസ്റ്റ് ഹൗസില്‍ മുറികളും ഏര്‍പ്പെടുത്തും.
റെയില്‍വേ സ്റ്റേഷന്
സൗകര്യങ്ങള്‍
റെയില്‍വേ സ്റ്റേഷനില്‍ വൃത്തിയുള്ള അടിസ്ഥാന സൗകര്യങ്ങളും ശുചിമുറി സൗകര്യങ്ങളും ഒരുക്കണം. എക്സ് സര്‍വീസ് വിശ്രമ കേന്ദ്രത്തിലെ മുറികള്‍ അയ്യപ്പഭക്തര്‍ക്കായി തുറന്നുനല്‍കാന്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി. എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കാനും കോട്ടയം വരെയുള്ള ട്രെയിനുകള്‍ കൊല്ലത്തേക്കോ തിരുവനന്തപുരത്തേക്കോ നീട്ടാനും റെയില്‍വേയോട് ആവശ്യപ്പെടും.
വിലനിയന്ത്രണം,
കച്ചവടം
ഭക്ഷണ വില, സാധനങ്ങളുടെ വില, വാഹന വാടക, ഭക്ഷണ മെനു എന്നിവ നിശ്ചയിക്കാൻ ഫുഡ് ആന്‍ഡ് സേഫ്റ്റി, നഗരസഭ, ആരോഗ്യ വകുപ്പ്, പൊതുവിതരണം, ആര്‍ടിഒ ഉദ്യോഗസ്ഥരുടെ യോഗം ആര്‍ഡിഒ വിളിച്ചുചേര്‍ക്കും. വഴിയോര കച്ചവടം മെയിന്‍ റോഡില്‍ നിരോധിച്ചു. ഇവര്‍ക്കു കച്ചവടത്തിനായി പ്രത്യേക റോഡ് കണ്ടെത്തി നല്‍കും.
പാര്‍ക്കിംഗ്/ഹോട്ടല്‍
പരിശോധന
ചെങ്ങന്നൂര്‍ നഗരത്തിലെ റോഡിന്റെ വശങ്ങളിലെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കും. ഹോട്ടലുകളില്‍ പരിശോധന നടത്തുന്നതിനു ഫുഡ് സേഫ്റ്റി, ലീഗല്‍ മെട്രോളജി, റവ്യൂ, പോലീസ് സംയുക്ത സ്ക്വാഡ് രൂപീകരിക്കും.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍: ആയുര്‍വേദ ആശുപത്രിയുടെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കും.
ഫണ്ട്
നഗരസഭയ്ക്കു മുന്‍കാലങ്ങളിലെ പോലെ തന്നെ തീര്‍ഥാടന സൗകര്യം ഒരുക്കാനും ശുചീകരണത്തിനുമായി 25 ലക്ഷം രൂപ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമെന്നു മന്ത്രി അറിയിച്ചു.