ഒരു പടികൂടി കയറി കാവാലം പാലം; ടെൻഡർ ക്ഷണിച്ചു
1599465
Monday, October 13, 2025 11:40 PM IST
മങ്കൊമ്പ്: പതിറ്റാണ്ടുകളായി ഒരു പ്രദേശത്തെ ജനതയുടെയാകെ കാത്തിരിപ്പിനു അല്പംകൂടി നിറംപകർന്ന് കാവാലം-തട്ടാശേരി പാലം നിർമാണത്തിനുള്ള ടെൻഡർ ക്ഷണിച്ചു. പൊതുമരാമത്ത് വകുപ്പാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
43.5 കോടി രൂപയാണ് ടെൻഡർ തുക. ഒന്നരവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. 27ന് മുമ്പ് ടെൻഡർ അപേക്ഷകൾ സമർപ്പിക്കണം. 29ന് പരിശോധന നടത്തും. നേരത്തെ 63.59 കോടി രൂപയാണ് പാലത്തിനായി അനുവദിച്ചിരുന്നതെങ്കിലും സ്ഥലമെടുപ്പും നഷ്ടപരിഹാരത്തുകയും മറ്റു ചെലവുകളുമെല്ലാം കഴിച്ചുള്ള തുകയാണ് നിശ്ചയിച്ചിട്ടുള്ളത്.
പാലം നിർമാണത്തിന് ആവശ്യമായ 110 സെന്റ് സ്ഥലം കാവാലം, കുന്നുമ്മ വില്ലേജുകളിലായി രണ്ടരവർഷം മുമ്പ് ഏറ്റെടുത്തിരുന്നു. സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയും ഏറ്റെടുപ്പിനായി 11 കോടി രൂപ ചെലവഴിച്ചിരുന്നു. വൈദ്യുത പോസ്റ്റുകൾ മാറ്റുന്നടക്കമുള്ള ചെലവുകൾ, ജിഎസ് ടി എന്നിവയടക്കം മറ്റു വിവിധ ഇനങ്ങളിൽ നീക്കിവയ്ക്കേണ്ട തുകയും കഴിച്ചാണ് 43,59,821,95 രൂപ ടെൻഡർ തുകയായി നിശ്ചയിച്ചത്. കാലങ്ങളുടെ കാത്തിരിപ്പിനിടെ പാലത്തിനായി നാട്ടുകാർ നിരവധി സമരങ്ങൾ നടത്തിയിരുന്നു.
തുടർന്ന് ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ ഇടക്കാല ബജറ്റിൽ പാലത്തിനായി 30 കോടി രൂപ അനുവദിച്ചു. എന്നാൽ, പാലം നിർമിക്കേണ്ട ഭാഗം ദേശീയജലപാതയിൽ ഉൾപ്പെട്ടതായതിനാൽ ഉയരവും നീളവും പുനർനിർണയിക്കേണ്ടി വന്നു. പിന്നീട് സ്ഥലമെടുപ്പ് നടപടികളും പ്രതിസന്ധിയിലായി.
ഇതോടെ നാട്ടുകാർ പാലം സമ്പാദക സമിതിക്കു രൂപം നൽകി സമരം ശക്തമാക്കി. തുടർച്ചയായ സമരങ്ങളുടെയും പരിശ്രമങ്ങളുടെയുമൊടുവിലാണ് ടെൻഡർ നടപടിയിലേക്കെത്തിനിൽക്കുന്നത്. തട്ടാശേരി പാലത്തിനൊപ്പം ബജറ്റിലിടംപിടിച്ച പടഹാരം പാലം നേരത്തെതന്നെ പൂർത്തിയായിരുന്നു.
ഇതേ മാതൃകയിൽ തന്നെയാണ് കാവാലം പാലത്തിന്റെയും നിർമാണം. മണിമലയാറിന്റെ ശാഖയ്ക്കു കുറുകെ 400 മീറ്റർ നീളത്തിലും 8.5 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുക. ടവർ മാതൃകയിൽ 45 മീറ്ററിന്റെ നാലു സ്പാനുകളും ഇരുവശങ്ങളിലും 35 മീറ്റർ നീളത്തിൽ രണ്ടു വീതം സ്പാനുകളുമാണ് വെള്ളത്തിൽ നിർമിക്കുന്നത്.
ശേഷിച്ച സ്പാനുകളും തൂണുകളും കരയിലാകും. കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിലാകും നിർമാണം. ആലപ്പുഴ ദേശീയപാതയിൽനിന്നും കോട്ടയത്തേക്കെത്താൻ ഏറെ സമയലാഭം ലഭിക്കും. പാലം കടന്നുപോകുന്ന പ്രദേശങ്ങളുടെ വികസനത്തിനു പുറമേ ടൂറിസം, കാർഷികമേഖലയിലും വലിയ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.