നാടുമുഴുവൻ ലഹരിക്കടത്തും വിൽപ്പനയും; പോലീസ് രഹസ്യാന്വേഷണ വിഭാഗം നോക്കുകുത്തി
1599749
Tuesday, October 14, 2025 11:53 PM IST
അമ്പലപ്പുഴ: നാടുമുഴുവൻ ലഹരിക്കടത്തും വില്പനയും വ്യാപകമാകുമ്പോഴും പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നോക്കുകുത്തി. കഴിഞ്ഞ കുറച്ചു നാളുകളായി പലയിടത്തും എംഡിഎംഎ ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കളുടെ വില്പനയും ഉപഭോഗവും വ്യാപകമായിരിക്കുകയാണ്.
നാടുമുഴുവൻ ലഹരിയുടെ പിടിയിലമരുന്പോൾ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം വലിയ പരാജയമായിരിക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം എംഡിഎംഎയുമായി പിടിയിലായ അമ്മയും മകനും. അഭിഭാഷകവൃത്തിയുടെ മറവിൽ കാലങ്ങളായി ഇവർ ലഹരിക്കടത്ത് നടത്തിയത് രഹസ്യാന്വേഷണ വിഭാഗവും എക്സൈസും അറിഞ്ഞില്ല.
ഇതുപോലെ പലയിടങ്ങളിലും വ്യാപകമായി ലഹരിക്കടത്തിലൂടെയും അല്ലാതെയും പുത്തൻ പണക്കാരായവരെക്കുറിച്ച് അന്വേഷിക്കാൻ രഹസ്യാന്വേഷണ വിഭാഗം തയാറായിട്ടില്ല. പലപ്പോഴും ചിലർ ഒറ്റുന്നതുകൊണ്ടു മാത്രമാണ് പലരും ലഹരിവസ്തുക്കളുമായി എക്സൈസിന്റെ യും പോലീസിന്റെയും വലയിലാകുന്നത്.
അമിത ലാഭം ലക്ഷ്യമിട്ടാണ് പലരും ലഹരിക്കടത്തിനിറങ്ങുന്നത്. ഇതിലൂടെ പണം സമ്പാദിച്ച് ആഡംബര ജീവിതം നയിക്കുന്നവരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാൻ രഹസ്യാന്വേഷണ വിഭാഗം തയാറാകാത്തതാണ് ഇത്തരത്തിൽ ലഹരിക്കടത്തും ഉപയോഗവും വ്യാപകമാകാൻ കാരണം.
മത്സ്യവില്പനയുടെ മറവിലും ചിലർ ലഹരിക്കടത്ത് നടത്തി വൻതോതിൽ പണം സമ്പാദിച്ചതും രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ലഹരി വില്പന നടത്തുന്നവരുടെ വീടുകളിലടക്കം യുവാക്കളും മറ്റും ധാരാളമായി എത്തിച്ചേരുന്നതും പലപ്പോഴും പോലീസ് അറിയാറില്ല. ചില പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ യുവാക്കൾ ധാരാളമായി തമ്പടിക്കുന്നത് പരാതി അറിയിച്ചിട്ടും പേരിന് പോലും പരിശോധനയ്ക്കെത്താൻ പോലീസ് തയാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്.