അപ്രതീക്ഷിത മഴയിൽ നാടും നഗരവും വെള്ളത്തിൽ
1599751
Tuesday, October 14, 2025 11:53 PM IST
അമ്പലപ്പുഴ: ഇന്നലെ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ നാടും നഗരവും വെള്ളത്തിൽ. ഇന്നലെ വൈകിട്ട് അഞ്ചിന് പെയ്ത മഴ രണ്ടു മണിക്കൂറോളം നീണ്ടുനിന്നു. കൂട്ടത്തിൽ ശക്തമായ ഇടിമിന്നലും. പല വട്ടം വൈദ്യുതി മുടങ്ങി. കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ കാര്യമായ മുന്നറിയിപ്പു ജില്ലയ്ക്കു ഇല്ലായിരുന്നെങ്കിലും മഴയുടെ ശക്തി അതി തീവ്രമായിരുന്നു. പുന്നപ്ര, അമ്പലപ്പുഴ, പുറക്കാട്, കിഴക്കൻ മേഖലയായ തകഴി ഇവിടെയെല്ലാം താഴ്ന്നപ്രദേശങ്ങൾ വെള്ളക്കെട്ടിലായി.
നിരവധി വീടുകളിൽ വെള്ളം കയറി. ഇടറോഡുകളിലും വെള്ളം നിറഞ്ഞു. ദേശീയപാത നിർമാണത്തിനു പൊളിച്ച ഭാഗങ്ങൾ തോട് പോലെയായി. ഇരുചക്ര വാഹന യാത്രക്കാർ അടക്കം മഴയിൽപ്പെട്ടു വഴിയിൽ കുടുങ്ങി. നഗരത്തിലും കനത്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷമായി. തീരപ്രദേശത്തെ പല ഭാഗങ്ങളിലും വെള്ളം നിറഞ്ഞു. ഇതേ തീവ്രതയിൽ മഴ ഇനിയും തുടർന്നാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടിവരും.