പിന്നില്‍ അമ്പലപ്പുഴയിലെ നേതാവ്; സൈബര്‍ ആക്രമണത്തിനെതിരേ ജി. സുധാകരന്
1599740
Tuesday, October 14, 2025 11:53 PM IST
ആലപ്പുഴ: തനിക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ പൊട്ടിത്തെറിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്. ആലപ്പുഴയില്‍ പൊളിറ്റിക്കല്‍ ഗ്യാംഗ്സ്റ്ററിസമാണെന്ന് സുധാകരന് പ്രതികരിച്ചു. അമ്പലപ്പുഴയിലെ നേതാവാണ് പിന്നില്‍. ഇതിനായി 25 പേരുടെ ഒരു കൂട്ടം ഉണ്ട്.
സുഹൃത്തുക്കള്‍ വഴിയും വ്യാജ ഐഡി നിര്‍മിച്ചുമാണ് അധിക്ഷേപം. ഇതു പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം കെ.കെ. ഷാജു അധിക്ഷേപിച്ചെന്നും ജി സുധാകരന് പറയുന്നു.
ജില്ലാ നേതൃത്വം ഇതിനു സമാധാനം പറയണം. പരിശോധിച്ചു നടപടിയെടുക്കണം. കൊള്ളക്കാരില്‍നിന്നു മാത്രമേ ഇത്തരം പെരുമാറ്റം കണ്ടിട്ടുള്ളൂ. പാര്‍ട്ടിയെ സ്നേഹിക്കുന്ന നേതാക്കന്മാര് ഇത് അന്വേഷിച്ച് പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആലപ്പുഴയില്‍ നടന്ന കെപിസിസിയുടെ സാംസ്കാരിക പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ജി. സുധാകരനെതിരേ വീണ്ടും സൈബര്‍ ആക്രമണമുണ്ടായത്. സുധാകരന്റെ കുടുംബത്തെയടക്കം അധിക്ഷേപിച്ചാണ് ഫേസ്ബുക്ക് പോസ്റ്റുകള്‍ വന്നത്. രക്തസാക്ഷിയുടെ സഹോദരനല്ലായിരുന്നെങ്കില് മറ്റൊരു പേര് വിളിച്ചേനെ എന്നായിരുന്നു അധിക്ഷേപം.
കോണ്‍ഗ്രസുകാരെ കാണുമ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ കണ്ണടച്ച് നടക്കേണ്ടതുണ്ടോ എന്നു സുധാകരന് കെപിസിസി വേദിയില്‍ ചോദിച്ചിരുന്നു. ഒരു വീട്ടില്‍ തന്നെ പല പാര്ട്ടിക്കാര് കാണും. അവര്‍ പരസ്പരം മിണ്ടാതിരിക്കുന്നത് നടക്കുന്ന കാര്യമല്ല. അങ്ങനെ നടക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.