ഇലക്ട്രിക് സ്കൂട്ടർ വാങ്ങി പുലിവാലുപിടിച്ചു
1599752
Tuesday, October 14, 2025 11:53 PM IST
അമ്പലപ്പുഴ: ഇലക്ട്രിക് സ്കൂട്ടർ വാങ്ങി പുലിവാലു പിടിച്ചു. അമ്പലപ്പുഴ കച്ചേരിമുക്കിന് കിഴക്കുഭാഗത്തു പ്രവർത്തിക്കുന്ന ഒല ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽനിന്ന് സ്കൂട്ടർ വാങ്ങിയ ഉപഭോക്താവാണ് പുലിവാലുപിടിച്ചിരിക്കുന്നത്. അഞ്ചു വർഷത്തെ വാറന്റിയും മോഹന വാഗ്ദാനങ്ങളും നൽകിയാണ് ജീവനക്കാർ ആളുകളെ കൊണ്ട് സ്കൂട്ടർ വാങ്ങിപ്പിച്ചത്.
എന്നാൽ, ഇത്തരത്തിൽ സ്കൂട്ടർ വാങ്ങിയവർ അറ്റകുറ്റപ്പണികൾക്കായി ചെല്ലുമ്പോൾ ഇവിടെ സർവീസിംഗ് ഇല്ലെന്ന മറുപടിയാണ് ജീവനക്കാർ നൽകുന്നത്. കഞ്ഞിപ്പാടം ചക്കാലക്കളം വീട്ടിൽ മോഹനൻ കഴിഞ്ഞ ഡിസംബറിൽ ഒരു ലക്ഷത്തി എണ്ണായിരം രൂപ കൊടുത്ത് ഒല സ്കൂട്ടർ വാങ്ങി.
എട്ടു മാസത്തിനുശേഷം ഒക്ടോബർ 27ന് വാഹനം കേടായി. വാഹനം സ്റ്റാർട്ടാകാതെ വന്നതോടെ അമ്പലപ്പുഴയിലെ ഷോറൂമിൽ സ്കൂട്ടർ കൊടുത്തു. രണ്ടു ദിവസം കഴിഞ്ഞ് വരാൻ പറഞ്ഞ് ജീവനക്കാർ മോഹനനെ പറഞ്ഞയച്ചു.
പിന്നീട് ചെന്നപ്പോൾ ഓണം കഴിഞ്ഞ് വരാൻ പറഞ്ഞു. മാസങ്ങൾ കഴിഞ്ഞിട്ടും സ്കൂട്ടർ നന്നാക്കി കൊടുക്കാതെ വന്നതോടെ മോഹനൻ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ എത്തി സിഐക്ക് പരാതി നൽകി.
സിഐ ജീവനക്കാരെ വിളിപ്പിച്ചപ്പോൾ ഇവർക്ക് സർവീസ് ഇല്ലെന്നും പൂങ്കാവിൽ കൊടുത്താൽ നന്നാക്കി കിട്ടുമെന്നും പറഞ്ഞു. അങ്ങനെ പൂങ്കാവിൽ ഷോറൂമിൽ കൊടുത്തിട്ട് മാസം ആയിട്ടും അവിടെയും ഈ ഗതി തന്നെയാണെന്നും സ്പെയർ പാർട്ട്സ് കിട്ടുന്നില്ലെന്ന മറുപടിയാണ് അവിടത്തെ ജീവനക്കാരും പറയുന്നത്.
ഉപഭോക്തൃ കോടതിയിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് മോഹനൻ.