ചെങ്ങന്നൂർ കെഎസ്ആർടിസിയിൽ വെയിലും മഴയും ഫ്രീ
1599745
Tuesday, October 14, 2025 11:53 PM IST
ചെങ്ങന്നൂർ: മണ്ഡലകാലം ആരംഭിക്കാൻ ഇനി ഒരു മാസം മാത്രമുള്ളപ്പോഴും വേണ്ടത്ര സൗകര്യങ്ങളൊരുക്കാതെ ചെങ്ങന്നൂർ കെഎസ്ആർടിസി. പൊരിവെയിലിൽ ബസ് കാത്തുനിൽക്കേണ്ട സ്ഥിതിയാണ് ഇവിടെ. നിലവിൽ ബസ് കാത്തുനിൽക്കുന്നവർ മഴയും വെയിലും കനക്കുന്പോൾ അടുത്തുള്ള കടത്തിണ്ണകളിലും ഗാരേജുകളിലുമായി അഭയം തേടുന്നു. അടുത്ത മാസം അയ്യപ്പഭക്തർ എത്തിത്തുടങ്ങുന്നതോടെ അവർക്കും ഇതേ അനുഭവമായിരിക്കുമോയെന്നാണ് ആശങ്ക.
ഇപ്പ ശരിയാക്കാം
നിലവിലെ കെട്ടിടം പൊളിച്ചപ്പോൾ മുതൽ ഇപ്പോ ശരിയാക്കിത്തരാമെന്ന് എംഎൽഎയും മന്ത്രിയുമായ സജി ചെറിയാൻ പറയുന്നുണ്ട്.
ഒരു മാസം മുൻപ് അദ്ദേഹം 4.40 ലക്ഷം രൂപയുടെ മാന്ത്രികവടി വീശിയെന്നും ടെൻഡർ നടപടി പൂർത്തിയാക്കി ഉടൻ പണി തുടങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഒരു മാസം കഴിഞ്ഞിട്ടും -ടെൻഡർ- എന്ന ഭൂതം ഒഴിഞ്ഞുപോകാത്തതിനാൽ യാത്രക്കാർ വെയിലത്തു നിൽക്കുകയാണ്.
ഷെഡ് എവിടെ?
പുതിയ കെട്ടിടം വൈകുന്നതിനാൽ താത്കാലിക ഷെഡ് ഉണ്ടാക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാൽ, ഒന്നും സംഭവിച്ചില്ല. അയ്യപ്പഭക്തർ വരുന്നതിനു മുന്പെങ്കിലും താത്കാലിക ഷെഡ് ഉണ്ടാകുമോയെന്നാണ് അറിയാനുള്ളത്.
പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഇരിപ്പിടങ്ങളും ഏതു നിമിഷവും നിലംപതിച്ചേക്കാവുന്ന പ്രായം ചെന്ന തണൽമരവുമാണ് യാത്രക്കാർക്ക് ആശ്രയം. കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാർ രക്ഷപ്പെടാൻ സമീപമുള്ള ഗ്യാരേജിലേക്കും സമീപമുള്ള കടത്തിണയിലേക്കും മാറി നിൽക്കും.
ഉടൻ എന്നു മന്ത്രി
ചെങ്ങന്നൂർ കെഎസ്ആർടിസിയിൽ താത്കാലിക കാത്തിരിപ്പുകേന്ദ്രം ഉടൻ നിർമിക്കുമെന്നു മന്ത്രി സജി ചെറിയാൻ. ശബരിമല ഒരുക്കത്തിന്റെ അവലോകന യോഗത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
അതേസമയം, നിർമാണത്തിന് അനുവദിച്ച 4.40 ലക്ഷം രൂപയുടെ ടെൻഡർ പൂർത്തിയായോ എന്നു വ്യക്തമല്ല.