കുട്ടനാട്ടിലെ പ്രളയധനസഹായം: കേസ് നവംബർ മൂന്നിലേക്കു മാറ്റി
1599998
Wednesday, October 15, 2025 11:27 PM IST
ചമ്പക്കുളം: കുട്ടനാട്ടിൽ 2020ൽ പ്രളയദുരിതം അനുഭവിച്ച കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ജെയ്സപ്പൻ മത്തായി ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ കുട്ടനാട്ടിലെ 43,538 കുടുംബങ്ങൾക്ക് 3800 രൂപ വീതം നൽകുന്നതിന് 16.55 കോടി രൂപ പ്രളയസഹായം സർക്കാർ അനുവദിച്ചിരുന്നു.
എന്നാൽ, 37,090 കുടുംബങ്ങൾക്ക് മാത്രമാണ് തഹസിൽദാർ തുക കൈമാറിയത്. 2.5 കോടിരൂപ കൈവശം ഉണ്ടായിട്ടും ഉദ്യോഗസ്ഥ അനാസ്ഥമൂലം അർഹതപ്പെട്ട 6447 കുടുംബങ്ങൾക്ക് തുക നൽകിയില്ല. ആയത് ഉടൻ വിതരണം ചെയ്യണമെന്നും നിലവിലുള്ള സർക്കാർ ഉത്തരവ് മാനദണ്ഡം അനുവർത്തിച്ച് കുട്ടനാട്ടിൽ പ്രളയദുരിതം അനുഭവിച്ച 43,538 കുടുംബങ്ങൾക്ക് 6200 രൂപ കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ജയ്സപ്പൻ മത്തായി ഹർജി നൽകിയിരുന്നു.
ഇതിന് ജില്ലാ കളക്ടർ നൽകിയ സത്യവാങ് മൂലത്തിൽ മറുപടിയായി കുട്ടനാട്ടിലെ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നൽകിയ സത്യവാങ്മൂലത്തിൽ ചീഫ് ജസ്റ്റീസ് നിധിൻ ജാംദാർ, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുടെ ബഞ്ച് കൂടുതൽ പരിഗണന ആവശ്യമാണെന്നുകണ്ട് കേസ് നവംബർ മൂന്നിന് വാദംകേൾക്കാൻ ഉത്തരവായി.