കായംകുളത്ത് കുടിവെള്ള വിതരണം താറുമാറായി; ജനം ദുരിതത്തിൽ
1600001
Wednesday, October 15, 2025 11:27 PM IST
കായംകുളം: കുടിവെള്ളവിതരണം താറുമാറായതിനെത്തുടർന്ന് കായംകുളത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളായ കീരിക്കാട്, പുല്ലുകുളങ്ങര ഉൾപ്പെടെ വിവിധ മേഖലകളിൽ കഴിഞ്ഞ നാലു ദിവസമായി കുടിവെള്ള വിതരണം പൂർണമായും നിലച്ചു ഇതേത്തുടർന്ന് ജനങ്ങളാകെ ദുരിതത്തിലായി. ദേശീയപാത നിർമാണത്തിനിടെ കേരള വാട്ടർ അഥാറിറ്റിയുടെ പ്രധാന പൈപ്പ് തകർന്നതാണെന്നാണ് റിപ്പോർട്ട്. ജല അഥോറിറ്റിയുടെ വെള്ളം ഒഴികെ മറ്റ് ജലസ്രോതസുകൾ ഉപയോഗിക്കാൻ കഴിയാത്ത ഈ പ്രദേശത്ത് ജനങ്ങൾ കുടിക്കാൻ പോലും വെള്ളം ലഭിക്കാത്ത അവസ്ഥയിലാണ്.
അതിനാൽ നിരവധി കുടുംബങ്ങൾ കുപ്പിവെള്ളം ആശ്രയിക്കുന്ന അവസ്ഥയിലാണ്. കുടിവെള്ള വിതരണം തടസപ്പെട്ടിട്ടും ടാങ്കർ വഴി ബദൽ കുടിവെള്ള വിതരണം ആരംഭിക്കാത്തത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.