ഓൺലൈൻ തട്ടിപ്പ്; പ്രതിയെ സാഹസികമായി പിടികൂടി
1600009
Wednesday, October 15, 2025 11:27 PM IST
തുറവൂർ: കടക്കരപ്പള്ളി മഹാക്ഷേത്രം സ്വദേശിയായ വീട്ടമ്മയിൽനിന്നു ഓൺലൈൻ തട്ടിപ്പിലൂടെ ഒരുലക്ഷത്തോളം രൂപ തട്ടിയ കേസിൽ മുംബൈ ധാരാവി സ്വദേശി അസാദ്ഖാ(24)നെ പട്ടണക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കടക്കരപ്പള്ളി സ്വദേശിയായ ഉത്രം വീട്ടിൽ റാണിമോളുടെ അക്കൗണ്ടിൽനിന്നു അഞ്ചു തവണകളായി 96312 രൂപയാണ് മുംബൈ സ്വദേശി തട്ടിയത്.
പ്രധാനമന്ത്രിയുടെ കിസാൻ പദ്ധതിയുമായി ബന്ധപ്പെട്ട് മൊബൈൽ ഫോണിൽ വന്ന ലിങ്കിൽ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഓഫീസിൽനിന്നാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. പ്രമുഖ ഓൺലൈൻ സൈറ്റായ ഫ്ലിപ് കാർട്ടിൽനിന്നു മൊബൈൽ ഫോൺ പർച്ചേസ് ചെയ്താണ് മുംബൈ സ്വദേശി വീട്ടമ്മയെ തട്ടിപ്പിനിരയാക്കിയത്.
ആദ്യം 19,107 രൂപയുടെയും രണ്ടാമത് 18,256 രൂപയുടെയും മൂന്നാമത് 15,156 രൂപയുടെയും നാലാമത് 10045 രൂപയും 5-ാ മത് 33746 രൂപയുടെയും ഫോണുകളാണ് വീട്ടമ്മയുടെ ക്രെഡിറ്റ് കാർഡ് നമ്പർ ഉപയോഗിച്ച് ഓൺലൈൻ സൈറ്റിൽനിന്നു വാങ്ങിയത്.
ഓരോ തവണയും പർച്ചേസ് ചെയ്യുമ്പോഴും വീട്ടമ്മയുടെ മൊബൈലിൽ വരുന്ന ഒടിപി ഹാക്ക് ചെയ്തായിരുന്നു ഓൺലൈൻ സൈറ്റിൽ നിന്നു മൊബൈൽ ഫോൺ വാങ്ങിയത്.
15 മിനിറ്റിനുള്ളിലാണു അഞ്ചു തവണയും തുക പോയത്. ഇതോടെ പട്ടണക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതെത്തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ ത്തുടർന്ന് പട്ടണക്കാട് എസ്എച്ച്ഒ കെ.എ.എസ്. ജയൻ, സിവിൽ പോലീസ് ഓഫീസർമാരായ രതീഷ് ഗോപകുമാർ, സുനിൽ, പ്രവീൺ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മുംബൈ ധാരാവിയിലെത്തി പ്രതിയെ പിടികൂടിയത്.