റവന്യു ജില്ലാ സ്കൂൾ കായികമേളയ്ക്കു തുടക്കം
1599995
Wednesday, October 15, 2025 11:27 PM IST
മുഹമ്മ: ആലപ്പുഴ റവന്യു ജില്ലാ സ്കൂൾ കായികമേളയ്ക്കു തുടക്കമായി. മുഹമ്മ മദർ തെരേസ ഹൈസ്കൂൾ നസ്രത്ത് കാർമൽ ഗ്രൗണ്ടിൽ നടന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അധ്യക്ഷയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി. റെജി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എൻ. നസീമ, ബ്ലോക്ക് ഡിവിഷൻ മെംബർ സിന്ധു രാജീവ്, മുഹമ്മ പഞ്ചായത്തംഗം വിഷ്ണു വി. വട്ടച്ചിറ, ചെങ്ങന്നൂർ ആർഡിഡി കെ. സുധ, ചെങ്ങന്നൂർ എഡിവി എച്ച്എസ്ഇ സജി സുരേന്ദ്രൻ, കെ.ജെ. ബിന്ദു, എം. അബ്ദുൽ സലാം, ജി. കൃഷ്ണകുമാർ, എ.ജി. ജയകൃഷ്ണൻ, പി.ഡി. ജോഷി തുടങ്ങിയവർ പ്രസംഗിച്ചു.
ആലപ്പുഴ ഡിഡിഇ എസ്. ശ്രീലത സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ എം.വി. സാബുമോൻ നന്ദിയും പറഞ്ഞു.
ഒക്ടോബർ 17ന് പ്രീതികുളങ്ങര കലവൂർ ഗോപിനാഥ് മെമ്മോറിയൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് സമ്മാനദാനം നിർവഹിക്കും.
ഇടവേളയില്ലാതെ
മത്സരം;
വിഷമതയിൽ
താരങ്ങൾ
വേണ്ടത്ര ഇടവേള ഇല്ലാതെ മത്സരങ്ങൾ സംഘടിപ്പിച്ചതിന്റെ വിഷമത മനസിൽ പേറിയാണ് കായിക താരങ്ങൾ പലരും മത്സരത്തിനെത്തിയത്. ഡിസംബറിൽ നടക്കേണ്ട ദേശീയ കായികമേള മുന്നിൽ കണ്ടാണ് കഴിഞ്ഞ ദിവസങ്ങളിലായി വിവിധ മത്സരങ്ങൾ അരങ്ങേറിയത്.
അടുത്തടുത്ത ദിനങ്ങളിൽ മത്സരങ്ങളിൽ പങ്കെടുക്കേണ്ടി വന്നത് വിദ്യാർഥികളെ വലച്ചിരുന്നു. ഇതിനിടെയാണ് ഇന്നലെ റവന്യു ജില്ലാ കായികമേളയ്ക്കും തിരശീല ഉയർന്നത്. വേണ്ടത്ര വിശ്രമത്തിനും പരിശീലനത്തിനും അവസരം കിട്ടാതെ ജില്ലാമേളയിൽ പങ്കെടുക്കേണ്ടി വന്നത് വിദ്യാർഥികളെ വലച്ചതായി രക്ഷാകർത്താക്കൾ പറയുന്നു.
തുടങ്ങാൻ വൈകി,
തീരാനും
ഉദ്ദേശിച്ച സമയത്ത് മത്സരം തുടങ്ങാൻ കഴിയാതിരുന്നതിനാൽ സമയം വൈകിയാണ് ഇന്നലെ മത്സരം സമാപിച്ചത്. വൈകുന്നേരം അഞ്ചായപ്പോഴും മത്സര ഇനങ്ങളിൽ മുക്കാൽ പങ്കും തീർന്നിരുന്നില്ല.
മേളയുടെ ഭാഗമായി ഭക്ഷണ സൗകര്യം ഇല്ലാതിരുന്നതും മത്സരം വൈകാൻ കാരണമായി. പല കുട്ടികളും ഭക്ഷണം കഴിക്കാതെയാണ് മത്സരിച്ചത്. അധ്യാപകരിലും രക്ഷാകർത്താക്കളിലും ഇതിന്റെ വിഷമത പ്രകടമായിരുന്നു.
ഭക്ഷണ സൗകര്യമില്ല,
വിശന്നുവലഞ്ഞ്
താരങ്ങൾ
സംഘാടക മികവിലെ പാളിച്ച റവന്യു ജില്ലാ സ്കൂൾ കായിക മേളയിൽ പങ്കെടുക്കാനെത്തിയവരെ വലച്ചു. ജില്ലയിലെ പതിനൊന്ന് സബ് ജില്ലകളിൽനിന്നെത്തിയ വിദ്യാർഥികളും അധ്യാപകരും ഭക്ഷണത്തിനായി നെട്ടോട്ടം ഓടേണ്ട സാഹചര്യമാണ് ഉദ്ഘാടന ദിനത്തിൽ ഉണ്ടായത്.
കായികമേളയുടെ ആരംഭദിനം മുതൽ ഭക്ഷണ സൗകര്യം ഒരുക്കുന്ന പതിവാണുള്ളത്. ഈ ഓർമയിലാണ് എല്ലാവരും ഇന്നലെ മുഹമ്മയിൽ എത്തിയത്. മത്സര ഗ്രൗണ്ടിൽ എത്തിയപ്പോഴാണ് ഭക്ഷണമില്ലെന്ന് അറിഞ്ഞത്. കായികമേള അരങ്ങേറുന്ന കാർമൽ ഗ്രൗണ്ടിന് സമീപം ഭക്ഷണശാലകൾ ഇല്ലെന്നതും പ്രശ്നമായി. മുഹമ്മ ജംഗ്ഷനിലും സമീപ മേഖലകളിലും ഭക്ഷണ ശാലകൾ തേടി സഞ്ചരിക്കേണ്ടി വന്നതും മേളയുടെ ശോഭ കെടുത്തി.
ദൂരസ്ഥലങ്ങളിൽനിന്നുള്ളവരായതിനാൽ മുഹമ്മയിലെ ഭക്ഷണശാലകൾ കണ്ടെത്താൻ പലരുടെയുടെ സഹായം തേടേണ്ടി വന്നു. ഗ്രാമപ്രദേശമായതിനാൽ സാധാരണ ഉണ്ടാകാറുള്ള കച്ചവടം മുന്നിൽ കണ്ടുള്ള ഭക്ഷണം മാത്രമാണ് മുഹമ്മയിലെ കടകളിൽ ഒരുക്കിയിരുന്നത്.
അപ്രതീക്ഷിതമായി കുട്ടികളും അധ്യാപകരും ഭക്ഷണം തേടി എത്തിയതു ഹോട്ടലുകാരെയും വിഷമിപ്പിച്ചു. പല ഭാഗങ്ങളിലേക്കു ഭക്ഷണംതേടി പോയവർ മടങ്ങി എത്തുന്നതുവരെ കാത്തിരിക്കേണ്ട സ്ഥിതിയുമുണ്ടായി.