കായംകുളം സസ്യമാർക്കറ്റ് റോഡിൽ അപകടക്കെണിയായി മാൻഹോൾ
1600002
Wednesday, October 15, 2025 11:27 PM IST
കായംകുളം: സസ്യമാർക്കറ്റ് റോഡിൽ ഫൈബർ കേബിൾ ഇടുന്നതിനായി സ്ഥാപിച്ച മാൻഹോൾ പാതി തുറന്നിരിക്കുന്നത് യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. തിരക്കേറിയ സസ്യമാർക്കറ്റിൽ മുസ്ലിം പള്ളിക്കു മുൻവശത്താണ് ദിവസങ്ങളായി ഈ അപകടാവസ്ഥ നിലനിൽക്കുന്നത്.
പൂർണമായി അടയ്ക്കാതെ മൂടി ഉയർന്ന നിലയിലാണ് മാൻഹോൾ. ഇതിൽ ഇരുചക്രവാഹന യാത്രക്കാരും കാൽനട യാത്രക്കാരും വീണ് അപകടത്തിൽപ്പെടുന്നത് പതിവായി. മാർക്കറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികളും അപകടത്തിൽപ്പെടുന്നുണ്ട്. കൂടാതെ റെയിൽവേ സ്റ്റേഷനിലേക്ക് ഉൾപ്പെടെ നിരവധി യാത്രക്കാർ സഞ്ചരിക്കുന്നത് ഈ റോഡിലൂടെയാണ്.
കഴിഞ്ഞ ദിവസം ഇരുചക്ര വാഹനയാത്രക്കാർ മാൻഹോൾ തുറന്നു കിടക്കുന്നതുമൂലം അപകടത്തിൽപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഇവർ നഗരസഭ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന ആക്ഷേപവും ശക്തമാണ്.
പൊതുജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം അലംഭാവത്തിനെതിരേ അധികാരികൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.